രണ്ടായിരം കോടിയുടെ ഉടമ സര്‍ക്കാരിനെ വിറപ്പിക്കുന്നു; അന്തംവിട്ട് വ്യവസായികള്‍

തിരുവനന്തപുരം: കോടാനുകോടി ആസ്ഥിയുള്ള വ്യവസായി ഉയര്‍ത്തിയ ആരോപണങ്ങളില്‍പെട്ട് ആടിയുലയുന്ന കേരള സര്‍ക്കാരിനെ നോക്കി അന്തം വിട്ട് വ്യാവസായിക ലോകം. പ്രമുഖ ബാറുടമയും വ്യവസായിയുമായ ബിജു രമേശ് മന്ത്രി കെ.എം മാണിയെ പ്രതിക്കൂട്ടിലാക്കി നടത്തിയ ആരോപണങ്ങളും തെളിവുകള്‍ പുറത്തുവിട്ടതും പ്രതിപക്ഷം ഏറ്റെടുത്ത് പ്രക്ഷോഭത്തിനിറങ്ങുന്നതാണ് വ്യവസായികളെ ഞെട്ടിച്ചിരിക്കുന്നത്.

27ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റിലേക്കും ഇടതുപക്ഷം മാര്‍ച്ച് പ്രഖ്യാപിച്ചതും നിയമസഭയില്‍ ബജറ്റ് ധനമന്ത്രിയെക്കൊണ്ട് അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചതുമെല്ലാം വരും ദിവസങ്ങളില്‍ കേരളത്തിലെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കുമെന്ന കാര്യം ഉറപ്പാണ്.

വ്യവസായിക മേഖലയെ അടക്കം ബാധിക്കുന്ന ഈ സമര പരമ്പരക്ക് തിരികൊളുത്താന്‍ വഴിയൊരുക്കിയത് ഒരു വ്യവസായി തന്നെയാണ് എന്നതാണ് വ്യവസായിക ലോകത്തെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്.

സാധാരണ ഗതിയില്‍ പ്രമുഖ വ്യവസായികള്‍ ആരുംതന്നെ ഭരിക്കുന്ന സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാറില്ല. ഏതെങ്കിലും വ്യവസായിയുമായി ഏറ്റുമുട്ടി മന്ത്രിയോ മന്ത്രിസഭയോ രാജിവച്ച ചരിത്രവും കേരളത്തിനില്ല.

എന്നാല്‍ ബാര്‍കോഴ വിവാദത്തില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലും നീക്കങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയ സാഹചര്യമാണ് വ്യവസായിക ലോകത്തെ ആശങ്കയിലാഴ്ത്തുന്നത്.

നിലവിലെ സാഹചര്യത്തില്‍ മന്ത്രി കെ.എം മാണി രാജിവക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ എല്ലാവരും രാജിവച്ച് പുറത്തു നിന്ന് സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരെ പോലെ തന്നെ വ്യവസായികളും.

പുതിയ ബജറ്റില്‍ ഈ കാരണങ്ങള്‍ കൊണ്ടു തന്നെ ചില ആശങ്കകള്‍ക്ക് വകയുണ്ടെന്ന വിലയിരുത്തലിലാണവര്‍. പ്രതിസന്ധി മറികടക്കാന്‍ ബജറ്റിനെ മന്ത്രിയും സര്‍ക്കാരും എങ്ങനെയാണ് ‘കൈകാര്യം’ ചെയ്യുക എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീഷ്ണമായ സമരത്തിന് ഇടതുപക്ഷം ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ഹര്‍ത്താലടക്കം പ്രഖ്യാപിച്ച് ബിജെപി ശക്തമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് പുറകോട്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഹര്‍ത്താലും സമരങ്ങളും വ്യാവസായിക മേഖലയുടെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് വിലപിക്കുന്ന വ്യവസായികള്‍ക്ക് വ്യാവസായി ആയ ബിജു രമേശ് ഉയര്‍ത്തിയ വിവാദങ്ങള്‍ മൂലം സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം പ്രക്ഷുബ്ധമാകുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥയാണുള്ളത്.

Top