ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് അവധിയെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരേ വിമര്‍ശനവുമായി പാര്‍ട്ടി നേതാക്കള്‍. രാഹുലിന്റെ നടപടി ശരിയായില്ലെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. അവധിയെടുക്കുന്നതില്‍ തെറ്റില്ല. അത് ആത്മപരിശോധനയ്ക്ക് സഹായിക്കും. എന്നാല്‍ ബജറ്റ് സമ്മേളനം ഒഴിവാക്കിയത് ഉചിതമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേത്തുടര്‍ന്ന് രാഹുലിന്റെ നടപടിയില്‍ വിശദീകരണവുമായി പാര്‍ട്ടി രംഗത്തെത്തി. മാര്‍ച്ച് പത്തിന് രാഹുല്‍ തിരിച്ചെത്തുമെന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. അതേസമയം രാഹുല്‍ എവിടെയാണെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. രാഹുലിന്റെ അവധി തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറായില്ല.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം പാര്‍ട്ടിക്കേറ്റ പരാജയത്തെക്കുറിച്ചും അതില്‍ നിന്നു കരകയറാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ആലോചിക്കാനാണു രാഹുല്‍ അവധിയെടുത്തതെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.