ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമായിരിക്കുമെന്ന് അന്തര്‍ദേശീയ നാണ്യനിധി. രാജ്യത്തിന്റെ സാമ്പത്തികനില മികവിലേക്കു തിരിച്ചുവരവു നടത്തുന്നുവെന്നും പുറത്തുനിന്നുള്ള പ്രതിസന്ധികളെ ചെറുക്കാനുള്ള ശേഷി ഉയര്‍ന്നുവെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
സര്‍ക്കാരിന്റെ കണക്കുകളെക്കാള്‍ കുറഞ്ഞ നിരക്കാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. 2015-16 വര്‍ഷം 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇത് രാജ്യത്തെ ചൈനയ്ക്കും മുന്നിലെത്തിച്ച് ലോകത്തിലെതന്നെ വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാക്കുമെന്ന കണക്കുക്കൂട്ടലിലാണ് സര്‍ക്കാര്‍.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരവു നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രചോദനാത്മകമായ നയങ്ങളും ആഗോള എണ്ണവിലയിലുണ്ടായ കുറവും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തിയെന്നും ഈ സാഹചര്യം തുടര്‍ന്നും മുന്നോട്ടുകൊണ്ടു പോകാന്‍ നിക്ഷേപങ്ങളെ പുനര്‍വിശകലനം ചെയ്യണമെന്നും ഘടനാപരമായ നവീകണങ്ങള്ക്കു വേഗത കൂട്ടണമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.
അവസാന ഘട്ടത്തിലെത്തിയ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നുണ്ട്.