രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമാവുന്നുവെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ വര്‍ഗീയ കലാപവും ബി.ജെ.പിക്കു തിരഞ്ഞെടുപ്പുകളില്‍ നേട്ടമാവുന്നുവെന്ന് പഠനം. ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു പരാജയങ്ങള്‍ക്കു കാരണമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് പുതിയ പഠന റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഓരോ കലാപത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ 0.8 ശതമാനത്തിന്റെ വര്‍ധനയാണു ഭാരതീയ ജനസംഘം, ബി.ജെ.പി. വോട്ടുകളിലുണ്ടായിട്ടുള്ളത്. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ മൂന്നു രാഷ്ട്രീയ ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1962നും 2000നുമിടയില്‍ നടന്ന കണക്കുകള്‍ പരിശോധിച്ചാണ് പഠന റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇക്കാലയളവിനുള്ളില്‍ രാജ്യത്തു നടന്ന വിവിധ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വികള്‍ക്കെല്ലാം പിന്നില്‍ ഒരു വര്‍ഗീയ കലാപമുണ്ടായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ശരാശരിയേക്കാല്‍ കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായ സമയങ്ങളിലെല്ലാം തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയായിരുന്നു.

ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ 10 ശതമാനത്തിലധികം വര്‍ധനയുണ്ടായ അവസരങ്ങളിലാണിതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വംശീയ കലാപങ്ങള്‍ പാര്‍ട്ടികളെ ബാധിക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള തെളിവുകള്‍ എന്ന പേരിലാണ് പഠന റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗാരെത്ത് നെല്ലിസ്, മൈക്കല്‍ വീവര്‍, സ്റ്റീവന്‍ റോസെന്‍സീഗ് എന്നീ രാഷ്ട്രീയ ഗവേഷകരാണ് പഠന റിപോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

Top