തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നും മത്സരമോഹവുമായി മുനവറലി തങ്ങളും. മുന്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവറലി രാജ്യസഭാ മോഹം പാര്‍ട്ടി കേന്ദ്രങ്ങളെ അറിയിച്ചതായാണ് വിവരം.
സമുദായത്തിന്റെ ആത്മീയ നേതൃത്വം കൈകാര്യം ചെയ്യുന്ന കുടുംബത്തില്‍ നിന്നും പാര്‍ലമെന്ററി രംഗത്തേക്ക് ഒരാള്‍ കടന്നുവരുന്നതിനെ ആശങ്കയോടെയാണ് ലീഗ് നേതൃത്വം കാണുന്നത്. അതിനാല്‍ മുനവറലി തങ്ങളെ അനുനയിപ്പിക്കാന്‍ തങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ നീക്കമുണ്ട്.
പാണക്കാട് പൂക്കോയ തങ്ങളുടെ കാലം മുതല്‍ തങ്ങള്‍ കുടുംബത്തില്‍ നിന്നാരും പാര്‍ലമെന്ററി രംഗത്തേക്ക് വന്നിട്ടില്ല. ആത്മീയ നേതൃത്വത്തോടൊപ്പം മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനവും പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ കൈകളിലായിരുന്നു. ലീഗിന്റെ അവസാനവാക്കായി നിലകൊള്ളുമ്പോഴും കുടുംബത്തിലെ ഒരാളെപ്പോലും എംഎല്‍എയോ മന്ത്രിയോ ആക്കാന്‍ തയ്യാറായിരുന്നില്ല.
കേരളത്തിലെ പ്രബലമായ ഇ.കെ സുന്നി വിഭാഗത്തിന്റെ ആത്മീയ നേതൃസ്ഥാനമാണ് തങ്ങള്‍ കുടുംബത്തിനുള്ളത്. അതിനാല്‍ പാണക്കാടുനിന്നുള്ള വാക്കുകള്‍ ശിരസാവഹിക്കുന്നവരാണ് ഇ.കെ സുന്നികള്‍. അടുത്ത കാലത്ത് ലീഗ് നേതൃത്വുമായി ഇടഞ്ഞ ഇ.കെ വിഭാഗവും മുനവറലിയെ പിന്തുണക്കുന്നുണ്ട്.
ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ചന്ദ്രിക ഡയറക്ടറുമായ മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബുമാണ് രാജ്യസഭാ സീറ്റിനുവേണ്ടി രംഗത്തുള്ള മറ്റു നേതാക്കള്‍.
അബ്ദുല്വഹാബിന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞ 2010-ല്‍ അവസാനിച്ചതു മുതല്‍ രാജ്യസഭയില്‍ ലീഗിനു പ്രാതിനിധ്യമില്ല. അന്ന് എ.കെ ആന്റണിക്കുവേണ്ടിയാണ് ലീഗ് രാജ്യസഭാ സീറ്റ് ഒഴിഞ്ഞു കൊടുത്തത്. അടുത്ത സീറ്റ് ലീഗിന് എന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടുമില്ല. അഞ്ചാം മന്ത്രിയില്‍ ലീഗിനെ കുരുക്കി പിന്നീട് വന്ന രാജ്യസഭാ സീറ്റുകള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സ്വന്തമാക്കുകയായിരുന്നു.