രാഹുല്‍ ദ്രാവിഡ് പുകയിലവിരുദ്ധ പരസ്യത്തിന്റെ ഭാഗമാകും

ന്യൂഡല്‍ഹി: പ്രമുഖ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുകയില നിയന്ത്രണ പരസ്യങ്ങളും പോസ്റ്ററുകളും ആരോഗ്യ സെക്രട്ടറി ബി.പി. ശര്‍മ പുറത്തിറക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ ഘടകവും ചേര്‍ന്നു പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെയും ഹൃദയിന്റെയും സഹായത്തൊടെയാണ് ഇവ തയാറാക്കിയിട്ടുള്ളത്.
രാഹുല്‍ ദ്രാവിഡ് പരസ്യങ്ങളുടെ ഭാഗമാകുന്നത് യുവാക്കള്‍ പുകയിലയുത്പന്നങ്ങളില്‍നിന്നു പിന്തിരിയാന്‍ പ്രചോദനമേകുമെന്നു ശര്‍മ പറഞ്ഞു. പുകയില ഉപയോഗത്തെത്തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെത്തുടര്‍ന്നുള്ള മരണസംഖ്യ ഇന്ത്യയില്‍ പ്രതിവര്‍ഷം എട്ടുലക്ഷത്തിനും ഒന്‍പതു ലക്ഷത്തിനുമിടയിലാണ്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ശ്രാവ്യ, ദൃശ്യ പരസ്യങ്ങള്‍ ടിവി, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും വിദ്യാലങ്ങള്‍, പൊതുസ്ഥലങ്ങള്‍, ട്രെയ്ന്‍ കംപാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.

Top