സണ്‍ ഫാര്‍മ റാന്‍ബാക്‌സിയുമായുള്ള ലയനം സംബന്ധിച്ച് ഈ മാസം തീരുമാനമറിയും. ഇരു കമ്പനികളുടെയും ലയനം ഔദ്യോഗികമായി പ്രാബല്യത്തിലെത്തുന്നതോടെ വിപണിയിലെ മല്‍സരം കടുത്തതാകും. ലയനനം സംബന്ധിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് അന്തിമ തീരുമാനമെടുക്കുക.
ഈ വര്‍ഷം ഏപ്രിലിലാണ് ഇരു കമ്പനികളും ലയന തീരുമാനം പ്രഖ്യാപിച്ചത്. കമ്പനികള്‍ ലയിക്കുന്നത് വിപണിയില്‍ ദോഷകരമായ മല്‍സരത്തിനു സാധ്യത കണ്ടതോടെയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിഷയത്തിലിടപെട്ടത്. തുടര്‍ന്ന് കമ്പനികളുടെ ലയനം നീണ്ടു പോകുകയായിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ആദ്യത്തെ ഇടപാടാണ് സണ്‍ ഫാര്‍മ റാന്‍ബാക്‌സി ലയനം.
നിലവിലെ ഇന്ത്യന്‍ വിപണി സാഹചര്യത്തില്‍ കമ്പനികളുടെ ലയനം എന്ത് പ്രത്യാഘാതമുണ്ടാക്കും എന്ന കാര്യത്തിലാണ് പ്രധാനമായും പൊതുജനാഭിപ്രായം തേടിയത്. പതിനഞ്ചു ദിവസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അനുബന്ധ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കൂടാതെ ലയനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കൈമാറണമെന്നും കമ്മീഷന്‍ ഇരു കമ്പനികളോടും ആവശ്യപ്പെട്ടിരുന്നു.
ഇതിന് കമ്മീഷന്‍ അനുവദിച്ച 20 ദിവസത്തെ സമയം സെപ്റ്റംബര്‍ 24 ന് അവസാനിച്ചു. വിഷയത്തിന്റെ എല്ലാ വശങ്ങളും കണക്കിലെടുത്ത് പ്രധാനപ്പെട്ട കാര്യങ്ങള്‍ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ലയനം പൂര്‍ത്തിയായാല്‍ 65 രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ പുതിയ കമ്പനിയ്ക്കാകും. അഞ്ചു ഭൂഖണ്ഡങ്ങളിലായി 47 ഉല്‍പ്പാദന കേന്ദ്രങ്ങളും ആഗോള തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സംവിധാനവും നിലവില്‍ ഈ കമ്പനികള്‍ക്കുണ്ട്.