റിമി ടോമിയുടെ നുണക്കഥ പൊളിയുന്നു; കാണണം ഈ കുരുന്ന് ഗായികയുടെ കണ്ണീര്‍

മലപ്പുറം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ സംഗീതത്തില്‍ വിസ്മയം തീര്‍ത്ത കൊച്ചുഗായികയുടെ കണ്ണീരിനു മുന്നില്‍ റിമി ടോമിയുടെ നുണക്കഥ പൊളിയുന്നു. നിലമ്പൂര്‍ പാട്ടുത്സവവേദിയില്‍ വീട്ടമ്മയെ സരിതാ നായരെന്ന് വിളിച്ച് നൃത്തം ചെയ്യിപ്പിച്ച് അപമാനിച്ചതിനും കാഴ്ചയില്ലാത്ത എട്ടുവയസുകാരിയായ കൊച്ചുഗായികയെ പാടാന്‍ അനുവദിക്കാതെ കലിതുള്ളിയതിനും റിമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധ തരംഗത്തെ മനോരമ ഓണ്‍ലൈനിലൂടെ മറികടക്കാന്‍ ശ്രമിച്ച റിമി ടോമിക്ക് വീണ്ടും തിരിച്ചടി.

വിധിയെ തോല്‍പ്പിച്ച മനക്കരുത്തുമായി കൊച്ചുഗയിക ഫാത്തിമ അന്‍ഷിയും കുടുംബവുമാണ് റിമിയുടെ വാദമുഖങ്ങള്‍ ഖണ്ഡിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ വന്ന പ്രതിഷേധം എക്‌സ്പ്രസ് കേരള വാര്‍ത്തയാക്കിയതോടെയാണ് പ്രതിഷേധം കത്തിപ്പടര്‍ന്ന് വൈറലായത്. ഇതിനെതിരെ മനോരമ ഓണ്‍ലൈനില്‍ റിമി ടോമി നല്‍കിയ അഭിമുഖമാണ് കൊച്ചുഗായികയുടെയും കുടുംബത്തിന്റെയും വെളിപ്പെടുത്തലോടെ തകര്‍ന്നടിയുന്നത്.

ചിരിമായാത്ത പെണ്‍കുട്ടിയായി റിമി ടോമിയെ വാഴ്ത്തുന്നവര്‍ കലിതുള്ളലില്‍ മനംനൊന്ത വള്ളിക്കപ്പറ്റ അന്ധ വിദ്യാലയത്തിലെ നാലാം ക്ലാസുകാരി ഫാത്തിമ അന്‍ഷിയുടെ കണ്ണീരും കാണണം. റിമിടോമിയുടെ വെളിപ്പെടുത്തലിലെ യഥാര്‍ത്ഥ്യം അറിയാനാണ് എക്‌സ്പ്രസ് കേരള റിപ്പോര്‍ട്ടര്‍ മഞ്ചേരി ആനക്കയത്തിനടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഫാത്തിമ അന്‍ഷിയെയും കുടുംബത്തെയും കണ്ടത്.

വേദികളില്‍ പോസിറ്റീവ് എനര്‍ജി പകരുന്നവളെന്ന് സ്തുതിക്കുന്ന റിമി ടോമിയുടെ നെഗറ്റീവ് മുഖമാണ് ഇവരുടെ വാക്കുകളില്‍ നിന്നും പുറത്തായിരിക്കുന്നത്. രണ്ടു വര്‍ഷമായി നിരവധി വേദികളില്‍ പാടിയും കീ ബോര്‍ഡ് വായിച്ചും കഴിവുതെളിയിച്ച പ്രതിഭയാണ് കൊച്ചു അന്‍ഷി. എട്ടാമത്തെ വയസില്‍ ‘അറ്റ് വണ്‍സ്’ എന്ന സിനിമക്ക് പിന്നണി ഗാനം ആലപിച്ചും അന്‍ഷി കലാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കാഴ്ചയില്ലാഞ്ഞിട്ടും പറഞ്ഞുകൊടുത്ത വരികള്‍ ഹൃദിസ്ഥമാക്കി ‘നിലാവായ് കുന്നിന്‍ നെറുകയില്‍ വീണ്ടും തെളിയുമ്പോള്‍… കിനാവിന്‍ മലരിന്‍ ഗന്ധം മധുരം നുകരുന്നു’ എന്ന പാട്ട് പാടിയാണ് കൊച്ചു അന്‍ഷി സിനിമാ പിന്നണി ഗാന രംഗത്തേക്കു ചുവടുവെച്ചത്. നജീം അര്‍ഷാദ്, വൈക്കം വിജയലക്ഷ്മി അടക്കമുള്ളവരോടൊത്ത് വേദികളില്‍ പാടിയും അവള്‍ കൈയ്യടി നേടിയിരുന്നു.

നിലമ്പൂരിലെ ബഡ്‌സ് സ്‌കൂളിലെ പരിപാടിയില്‍ അതിഥിയായെത്തിയ അന്‍ഷിയുടെ പാട്ട് കേട്ട നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പ്രത്യേക ഉപഹാരം നല്‍കിയാണ് അന്‍ഷിയെ നിലമ്പൂര്‍ പാട്ടുത്സവ വേദിയിലേക്ക് പാടാന്‍ ക്ഷണിച്ചത്. അത് അവളെ അപമാനിക്കുന്ന വേദിയായി മാറുമെന്ന് സ്വപ്നത്തില്‍ പോലും ഷൗക്കത്തും കരുതിയിരുന്നില്ല. ജനുവരി 12ന് പാട്ടുത്സവത്തിലെ സമാപനദിവസം റിമി ടോമിയുടെ മ്യൂസിക്കല്‍ നൈറ്റ് നടക്കുന്നതിനിടെ അവസരം നല്‍കാനും സംഘാടകര്‍ തയ്യാറായി. മാന്യമായി പെരുമാറിയ സംഘാടകര്‍ സ്റ്റേജിനു പിന്നില്‍ അന്‍ഷിക്കും മാതാപിതാക്കള്‍ക്കും ഇരിക്കാന്‍ സീറ്റും നല്‍കി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ റിമിയുടെ സംഘത്തില്‍പെട്ടവര്‍ അവിടെ നിന്നും മാറാന്‍ പറയുകയായിരുന്നു. സാംസ്‌ക്കാരിക സമ്മേളനം കഴിഞ്ഞിട്ടും അരമണിക്കൂര്‍ നേരം റിമിയും സംഘവും സ്റ്റേജില്‍ കയറിയില്ല. സംഘാടകര്‍ നല്‍കിയ നോട്ടുകെട്ടുകള്‍ റിമി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാണ് ഗാനമേള തുടങ്ങിയത്.

തന്റെ പാട്ടിനിടയില്‍ മറ്റാരെയും പാടിക്കാന്‍ അനുവദിക്കില്ലെന്ന് റിമി സംഘാടകരോട് കയര്‍ത്തതായും ആരോപണമുണ്ട്. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഇടപെട്ടതോടെയാണ് അന്‍ഷിക്ക് പാടാന്‍ അനുമതി ലഭിച്ചത്. സംഘാടകര്‍ കാലു പിടിച്ച് പറഞ്ഞിട്ടും വേദിയിലെത്തി കൊച്ചുഗായികയെ പരിചയപ്പെടുത്താന്‍പോലും റിമി തയ്യാറായില്ല. സല്‍മ ആഗ പാടിയ ‘ദില്‍ കി അര്‍മാ’ എന്ന ഗാനമാണ് അന്‍ഷി പാടുക എറിയിച്ചിരുന്നു. എന്നാല്‍ ഈ പാട്ടിന് ഓര്‍ക്കസ്ട്ര വായിക്കാന്‍ അറിയില്ലെന്നാണ് റിമിയുടെ ഓര്‍ക്കസ്ട്ര സംഘം അറിയിച്ചത്. വളരെ ജൂനിയര്‍ ആയവര്‍പോലും ഈ പാട്ടിന് ഓര്‍ക്കസ്ട്ര വായിക്കാറുണ്ട് എന്നിരിക്കെയാണ് ഈ പ്രതികരണം. ഇതോടെ സ്‌റ്റേജില്‍വച്ച് നേരത്തെ പ്രാക്ടീസുപോലും നടത്താത്ത ‘ആലിപ്പഴം പെറുക്കാം’ എന്ന ഗാനം പാടി അന്‍ഷി സദസിനെ വിസ്മയിപ്പിച്ചു. നിറഞ്ഞ കൈയ്യടിയോടെയാണ് റിമിയെ സാക്ഷി നിര്‍ത്തി ജനങ്ങള്‍ അന്‍ഷിയെ പ്രോത്സാഹിപ്പിച്ചത്.

കൊച്ചു ഗായിക ‘ഹം കോ ചുരാലോ’ എന്ന ഗാനം കീബോര്‍ഡില്‍ വായിച്ചപ്പോള്‍ കേബിള്‍ വയര്‍ ശരിയായി കുത്താതെ വെച്ചും ട്രൂപ്പ് പ്രശ്‌നമുണ്ടാക്കി. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം മറികടന്ന അസാധാരണ പ്രകടനമാണ് അന്‍ഷി കാഴ്ചവച്ചത്. സദസ്സിന്റെ കരഘോഷം കണ്ടിട്ടും ഈ കൊച്ചു ഗായികയെക്കുറിച്ച് ഒരു നല്ല വാക്ക് പറയാന്‍ റിമി തയ്യാറായില്ല. ഒടുവില്‍ സംഘാടകര്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് ഒരു നല്ല കൈയ്യടി കൊടുക്കണമെന്ന് സ്‌റ്റേജിന്റെ പിന്നിലിരുന്ന് റിമി മൊഴിഞ്ഞത്. അന്‍ഷിയുടെ പാട്ട് കഴിഞ്ഞപ്പോഴും അടുത്ത് വന്ന് അഭിനന്ദനമറിയിക്കാനുള്ള മര്യാദപോലും ‘സൂപ്പര്‍ ഗായിക’ കാണിച്ചില്ല. ‘എനിക്കു കണ്ണ് കാണാത്തതുകൊണ്ടാണോ റിമി ചേച്ചി അടുത്തുവന്ന് അഭിനന്ദിക്കാത്തത് ‘ എന്ന് അന്‍ഷി ചോദിച്ചപ്പോള്‍ നെഞ്ചു പൊട്ടിപ്പോയെന്ന് പിതാവ് അബ്ദുല്‍ബാരിയും മാതാവ് ഷംലയും വേദനയോടെ പറഞ്ഞു. പിന്നെ പാട്ടുത്സവ വേദിയില്‍ ഞങ്ങള്‍ നിന്നില്ല മകളെയും കൊണ്ട് വേഗം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ജന്മനാ കാഴ്ചയില്ലാത്ത അന്‍ഷിയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമെന്ന് അഭിമാനത്തോടെ മാതാപിതാക്കള്‍ പറയുന്നു. അവളെ നന്നായി വളര്‍ത്താന്‍ വേണ്ടിയാണ് ഉമ്മ ഷംല എല്‍എല്‍ബി പഠനം പോലും വേണ്ടെന്നുവച്ചത്. ചെറുപ്പത്തിലേ പാട്ട് പാടാനുള്ള കഴിവുണ്ടായപ്പോള്‍ പ്രോത്സാഹനം നല്‍കി വളര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. പാട്ടുപാടാനും കീ ബോര്‍ഡ് വായിക്കാനും അറിയാം. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ മത്സരമില്ലാത്തതിനാല്‍ യു.പി കുട്ടികള്‍ക്കൊപ്പം മത്സരിച്ചാണ് അന്‍ഷി സമ്മാനങ്ങള്‍ വാരിക്കൂട്ടിയത്. മേലാറ്റൂരില്‍ നിന്നും കുടുംബം മഞ്ചേരി ആനക്കയത്തെ വാടകവീട്ടിലേക്കു താമസം മാറ്റിയത് വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തില്‍ അന്‍ഷിക്കു പോകാനുള്ള സൗകര്യത്തിനുമാത്രമായിരുന്നു.

പാട്ടുത്സവത്തിലെ പെരുമാറ്റത്തിന് റിമിക്കെതിരെ ഫേസ്ബുക്കിലെ പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ചിലയിടത്ത് അന്‍ഷിയുടെ പേര് എടവണ്ണയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി രഹാന എന്ന് തെറ്റായാണ് കൊടുത്തിരുന്നത്. പരിചയക്കാര്‍ പലരും ചോദിച്ചപ്പോള്‍ നടന്ന സംഭവം പറഞ്ഞു. വിവരം തിരക്കി വീട്ടിലെത്തിയതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അന്‍ഷിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. റിമി ടോമി എന്ന ഗായികയെ ഇകഴ്ത്തികാട്ടാനല്ല തങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും മറ്റൊരാള്‍ക്കും ഇനി ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top