റെയ്ഞ്ച് റോവര്‍ ഇവോക്കിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് ഈ മാസം എത്തും

മുംബൈ: റെയ്ഞ്ച് റോവര്‍ ഇവോക്കിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം പത്തൊമ്പതിന് ഇന്ത്യന്‍ വിപണിയിലെത്തും. രൂപകല്‍പ്പനയിലുള്‍പ്പെടെ നിരവധി പ്രത്യേകതകളുമായാണ് പുതിയ പതിപ്പ് വിപണിയിലെത്തുന്നത്.

പുതുക്കിയ ഫ്രണ്ട് ബംപര്‍, റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ് ലാംപ്, അലോയ് വീലുകള്‍, സീറ്റ് കവറിംഗ് എന്നിവയാണ് പുതിയ ഇവോകില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍.

നിലവിലെ മോഡലിലുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പരിഷ്‌കരിച്ച പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ലാന്‍ഡ് ലോവറിന്റെ ഏറ്റവും അധികം വില്‍പ്പനയുള്ള മോഡലാണ് റേഞ്ച് റോവര്‍ ഇവോക്. നിലവില്‍ ഇന്ത്യ, ചൈന, ബ്രിട്ടണ്‍ എന്നിവിടങ്ങില്‍ മാത്രമാണ് മോഡല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

2011ല്‍ വിപണിയിലിറങ്ങിയ ഇവോക് ചുരുങ്ങിയ സമയം കൊണ്ട് കമ്പനിയുടെ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനമായി മാറി. രൂപകല്‍പ്പന, മികച്ച എഞ്ചിന്‍, ആഡംബരം നിറഞ്ഞ ഉള്‍വശം എന്നിവയാണ് വാഹനത്തെ ജനപ്രിയമാക്കിയത്.

ഈ വര്‍ഷം മാര്‍ച്ചില്‍ പൂനെയില്‍ ഒരു ഉല്‍പ്പാദന യൂണിറ്റ് കൂടി ആരംഭിച്ച കമ്പനി വാഹനങ്ങളുടെ വില ഗണ്യമായി കുറച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ പുതിയ ഇവോകിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 49 ലക്ഷത്തിനും 56 ലക്ഷത്തിനും ഇടയിലാണ് പരിഷ്‌കരിച്ച പതിപ്പിന്റെ വില. ബിഎംഡബ്‌ള്യു എക്‌സ് 3, ഓഡി ക്യു 5 എന്നിവയാണ് ഇവോക്കിന്റെ വിപണിയിലെ എതിരാളികള്‍.

Top