ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡറുമായ സക്കിയൂര്‍ റഹ്മാന് ലഖ്വിയുടെ മോചനം പ്രവിശ്യാ സര്‍ക്കാര്‍ തടഞ്ഞു. ലഖ്വിയുടെ കരുതല്‍ തടങ്കലിന് നിയമസാധുതയില്ലെന്നും അതിനാല്‍ ഉടന്‍ മോചിപ്പിക്കണമെന്നും വെള്ളിയാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരേ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇയാളുടെ മോചനം താത്കാലികമായി തടഞ്ഞിരിക്കുന്നത്.
ലഖ്വിയെ വിട്ടയയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയമാണ് ഇയാളുടെ കരുതല്‍ തടങ്കല്‍ 30 ദിവസം കൂടി നീട്ടി ഉത്തരവിറക്കിയത്. എന്നാല്‍, പ്രദേശിക ഭരണകൂടത്തിന്റെ ഉത്തരവിനെതിരേ ലഖ്വിയുടെ അഭിഭാഷകന് രാജ റിസ്വാന് അബ്ബാസി രംഗത്തെത്തി. പാക്കിസ്ഥാന് ഭരണഘടനയുടെ ലംഘനമാണ് ഉത്തരവെന്നാണ് ഇയാളുടെ പ്രധാന ആരോപണം. കരുതല്‍ തടങ്കല്‍ ഹൈക്കോടതി രണ്ടു തവണ റദ്ദാക്കിയിട്ടും ലഖ്വിയെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനെതിരേ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും അബ്ബാസി പറഞ്ഞു.
വെള്ളിയാഴ്ച ലഖ്വിയുടെ ജയില്‍ മോചന ഉത്തരവ് വന്നയുടന്‍ തന്നെ ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. രാജ്യാന്തര ഭീകരനായി ഐക്യരാഷ്ട്ര സംഘടന പോലും പ്രഖ്യാപിച്ച ലഖ്വിയെ മോചിപ്പിച്ചാല്‍ അത് അവഗണിക്കാനാവാത്ത ഭീഷണിയായി മാറുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദീനു വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകള്‍ നിരവധി ഉണ്ടായിട്ടും അത് ഹാജരാക്കാന്‍ പാക് സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നെന്നും ഇന്ത്യ ആരോപിച്ചു.
ഇതിനിടെ, സംഭവം അനാവശ്യമായി വിവാദമാക്കുകയാണെന്ന് ആരോപിച്ചിച്ച് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചു വരുത്തിയ പാക്ക് സര്‍ക്കാര്‍ അസന്തുഷ്ടി അറിയിക്കുകയും ചെയ്തിരുന്നു.
2008 നവംബര്‍ 26 നു 166 പേരുടെ ജീവന് കവര്‍ന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ലഖ്വിയാണെന്ന് ഇന്ത്യയുടെ ആരോപണം. ഇയാളെ വിചാരണയ്ക്കായി രാജ്യത്തിനു വിട്ടു തരണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അമെരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും ഇന്ത്യയുടെ ആവശ്യത്തെ പിന്താങ്ങുകയും ചെയ്തിട്ടുണ്ട്.