ലൈറ്റ് മെട്രോ പദ്ധതി: ശ്രീധരനുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച വിഷയത്തില്‍ വ്യാഴാഴ്ച ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും ഇബ്രാഹിംകുഞ്ഞും ചര്‍ച്ചയില്‍ പങ്കെടുക്കും.

ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി പിന്മാറുമെന്ന് അറിയിച്ച് ശ്രീധരന്‍ സര്‍ക്കാരിനു കത്തയച്ചത് തെറ്റിദ്ധാരണകള്‍ മൂലമാണ്. സര്‍ക്കാരിനു ഇക്കാര്യത്തില്‍ ഒരു അവ്യക്തതയുമില്ലെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് വടക്കന്‍ജില്ലകളിലുണ്ടായ സംഘര്‍ഷം തന്നെ വേദനിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് എല്ലാവരുടേയും സഹകരണമുണ്ടാകണം. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ തന്നെ നേരില്‍കണ്ട് നിവേദനം തന്നിരുന്നു. ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ മുഖം നോക്കാതെ നീതിപൂര്‍വമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top