ലോകകപ്പ് ക്രിക്കറ്റ്: ഇനി വരുന്നു പോരാട്ടത്തിന്റെ ദിനങ്ങള്‍

എട്ടു ടീമുകള്‍, ഏഴു പോരാട്ടങ്ങള്‍, ഒരൊറ്റ ചാമ്പ്യന്‍. തോല്‍ക്കുന്നവര്‍ പുറത്തേക്കെന്നതിനാല്‍ ടീമുകളെല്ലാം സൂക്ഷ്മതയോടെയാണ് ഓരോ നീക്കവും നടത്തുന്നത്.

മാര്‍ച്ച് 18 നാണ് സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടംകപ്പ് മാത്രം ലക്ഷ്യമാക്കിയാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങിയത്. ചെറുടീമുകള്‍ക്കെതിരേ വമ്പന്‍ ജയങ്ങള്‍ നേടിയെന്നത് ശരിതന്നെ.

എന്നാല്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും നേരിട്ടപ്പോള്‍ ബലഹീനതകളെല്ലാം പുറത്തുവന്നു. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഡിവില്യേഴ്‌സും കൂട്ടരും എങ്ങനെ ലങ്കയെ നേരിടുമെന്നു കണ്ടറിയാം. ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലെ വിജയികള്‍ക്കെതിരെയാകും സിഡ്‌നിയില്‍ നിന്നും മുന്നേറുന്നവര്‍ നേരിടേണ്ടി വരുക.

മെല്‍ണിലാണ് മാര്‍ച്ച് 19 ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. എതിരാളി ബംഗ്ലാദേശാണ് എന്നറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആദ്യം സന്തോഷമായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരേ ബംഗ്ലാ യുവനിരയുടെ കളി കണ്ടവര്‍ പറയും. എളുപ്പത്തില്‍ മെരുങ്ങുന്നവരല്ല ഈ കടുവകള്‍ എന്നു. 2007 ലെ ലോകകപ്പില്‍ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയതുള്‍പ്പെടെ ചരിത്രവും അവര്‍ക്കൊപ്പമുണ്ട്.

ടൂര്‍ണമെന്റില്‍ ആധികാരിക ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ദുര്‍ബലരെന്നു വിലയിരുത്തപ്പെട്ട അയര്‍ലന്‍ഡും സിംബാബ്‌വെയും നീലപ്പടയെ ചെറുതായി വിറപ്പിക്കുകയും ചെയ്തു. മറുവശത്ത് യുവതാരങ്ങളുടെ ചുറുചുറുക്കാണ് ബംഗ്ലാദേശികളുടെ ശക്തി. ഇന്ത്യക്കാണ് മേധാവിത്വമെങ്കിലും അനായാസമാകില്ലെന്നു കരുതാം.

അവസാന മത്സരം വരെ കാത്തിരുന്ന് ക്വാര്‍ട്ടറിലെത്തിയവരാണ് പാക്കിസ്ഥാന്‍. അവസാന നാലു മത്സരങ്ങളിലെല്ലാം ജയിച്ചുകയറിയത് ആധികാരികതയോടെ. മാര്‍ച്ച് 20ന് പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയെയാണ് നേരിടുക. കൂട്ടിനു 92ല്‍ ലോകകപ്പ് ഉയര്‍ത്തിയതിന്റെ ഓര്‍മകളും. നാട്ടുകാര്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ ആവേശത്തിലും ഓസീസ് താവളത്തെ ഇതെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട്.

പാക് നിരയെ ചെറുതായി കാണരുതെന്നു സ്റ്റീവ് വോയും റിക്കി പോണ്ടിംഗുമെല്ലാം മുന്നറിയിപ്പ് നല്കികഴിഞ്ഞു. ഇരു ടീമിലെയും പേസര്‍മാര്‍, അതും ഇടംകൈയന്‍മാര്‍ മികച്ച ഫോമിലാണ്. അഡ്‌ലെയ്ഡിലെ പോരാട്ടത്തെ ബാറ്റും പന്തും തമ്മിലുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കാമെന്നു സാരം.

വെല്ലിംഗ്ടണിലാണ് അസ്ഥിരതയുടെ തമ്പുരാക്കന്മാരായ വിന്‍ഡീസ് കിവികളെ നേരിടുന്നത്. ലോകകപ്പ് ആഘോഷമാക്കി മാറ്റിയ ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്ക് വിന്‍ഡീസിനോടൊരു തോല്‍വി ഹൃദയഭേദകമാകും. അത്രമാത്രം അവര്‍ ഈ ലോകകപ്പിനെയും ബ്ലാക് ക്യാപ്‌സിനെയും ഹൃദയത്തോടു ചേര്‍ത്തുകഴിഞ്ഞു.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മികവു പുലര്‍ത്തുന്ന മക്കല്ലവും കൂട്ടരും ഭയപ്പെടുക കരീബിയന്‍ ദ്വീപുകാരുടെ സമീപനം തന്നെയാണ്.

Top