ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ ഒഴിവാക്കാന്‍ തീരുമാനം

ദുബയ്: ലോകകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഓവര്‍ ഒഴിവാക്കാന്‍ ഐസിസി തീരുമാനിച്ചു. ലോകകപ്പില്‍ നോക്കൗട്ട് മത്സരങ്ങളില്‍ വിജയികളെ നിര്‍ണയിക്കാന്‍ ഇനി മുതല്‍ സൂപ്പര്‍ഓവര്‍ രീതി ഉപയോഗിക്കില്ല.  ഫൈനല്‍ മത്സരം സമനിലയിലായാല്‍ ട്രോഫി ഇരുടീമുകളും പങ്കുവെയ്ക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗമാണ് നിര്‍ണായകമായ തീരുമാനം കൈ കൊണ്ടത്. 2015ല്‍ നടക്കുന്ന ലോകകപ്പ് മുതല്‍ പുതിയ രീതി നിലവില്‍ വരും.

സെമിഫൈനലുകളില്‍ കളി സമനിലയില്‍ ആയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത്തെത്തിയ ടീമാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. ഫൈനലിലും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ ഇരുടീമുകളെയും സംയ്കുത വിജയികളായി പ്രഖ്യാപിച്ച് ട്രോഫി പങ്ക് വയ്ക്കും. നോക്കൗട്ട് മത്സരങ്ങള്‍ മഴ മൂലമോ മോശം കാലാവസ്ഥ മൂലമോ തടസ്സപ്പെട്ടാല്‍ പകരം അടുത്ത ദിവസം മത്സരം നടത്തും.

സംശകരമായ തീരുമാനങ്ങള്‍ അമ്പയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ പുനപരിശോധിക്കാനുളള തീരുമാനം എല്ലാ മത്സരത്തിലും ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം വിജയികള്‍ക്കുളള സമ്മാനതുക 25 % വര്‍ധിപ്പിക്കുകയും ചെയ്തു.

Top