ബജറ്റ് സ്മാര്‍ട്ഫോണ്‍ നിരയിലേക്ക് പുതിയൊരു മോഡലുമായി സോളോ എത്തി. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന സോളോ പ്രൈം എന്ന ഫോണിന് 5,699 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് വെര്‍ഷനിലോടുന്ന മൈക്രോമാക്സിന്റെ കാന്‍വാസ് എ1 (വില 5,839 രൂപ), കാര്‍ബണിന്റെ സ്പാര്‍ക്കിള്‍ വി (വില 5,659 രൂപ), സ്പൈസിന്റെ ഡ്രീം യുനോ (വില 5,265 രൂപ) എന്നിവയോടായിരിക്കും സോളോ പ്രൈമിന് മത്സരിക്കേണ്ടിവരിക.
480 X 854 പിക്സല്‍ റിസൊല്യൂഷനുളള നാലര ഇഞ്ച് ഐ.പി.എസ്. ഡിസ്പ്ലേയാണ് ഫോണിലുള്ളത്. പിക്സല്‍ സാന്ദ്രത 218 പി.പി.ഐ. കറുപ്പ്, നീല, ചുവപ്പ്, സ്വര്ണനിറങ്ങളിലെത്തുന്ന ഫോണിന്റെ പിന്‍വശത്തും ഗ്ലാസ്ഫിനിഷിങ് ഉണ്ട്. 1.3 ഗിഗാഹെര്‍ട്സ് ക്വാഡ്കോര്‍ മീഡിയാടെക് പ്രൊസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഒരു ജിബി റാം, എട്ട് ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിവയുമുണ്ട്. കൂടുതല്‍ മെമ്മറി വേണമെന്നുള്ളവര്‍ക്ക് 32 ജിബി വരെയുളള എസ്ഡി കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാം.
എല്‍.ഇ.ഡി. ഫ്ളാഷോടുകൂടിയ അഞ്ച് മെഗാപിക്സലിന്റെ ഓട്ടോഫോക്കസ് പിന്‍ക്യാമറയും 0.3 മെഗാപിക്സല്‍ വി.ജി.എ. മുന്‍ക്യാമറയുമാണ് സോളോ പ്രൈമിലുള്ളത്. കണക്ടിവിറ്റിക്കായി 3ജി, ജി.പി.ആര്.എസ്./എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത് 4.0, ജി.പി.എസ്./എ.ജി.പി.എസ്. തുടങ്ങിയ സംവിധാനങ്ങള്‍ ഈ ഫോണിലുണ്ട്.
1800 എം.എ.എച്ച്. ബാറ്ററിയാണ് ഉള്ളില്‍. 2ജി നെറ്റ്വര്ക്കില് തുടര്‍ച്ചയായ 20.8 മണിക്കൂര്‍ സംസാരസമയവും 3ജിയില്‍ തുടര്‍ച്ചയായ 10 മണിക്കൂര്‍ സംസാരസമയവുമാണ് സോളോ അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.