വനിതാ എം.എല്‍.എ പട കോടതിയിലേക്ക്.. ഭരണപക്ഷത്തോടൊപ്പം സ്പീക്കറും കുടുങ്ങും

തിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ അപമാനിക്കപ്പെട്ടെന്നാരോപിച്ച് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിച്ച് സ്പീക്കറെ കുടുക്കാന്‍ എല്‍.ഡി.എഫ് നീക്കം. നിയമസഭയില്‍ പ്രതിപക്ഷം നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്നും ഭരണപക്ഷത്തിന്റേത് സ്വാഭാവിക പ്രതികരണമാണെന്നുമുള്ള സ്പീക്കര്‍ എന്‍. ശക്തന്റെ വിശദീകരണമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

തൊഴിലിടങ്ങളില്‍ നടക്കുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ പൊലീസിനു കൈമാറണമെന്നതാണു നിയമം. പരാതി കൈമാറിയില്ലെങ്കില്‍ തൊഴില്‍ ഉടമക്കെതിരെയും കേസെടുക്കാം. സ്ഥാപനം എന്ന വിശദീകരണത്തില്‍ നിയമസഭ ഉള്‍പ്പെടുമോ എന്ന സാങ്കേതികത്വം നിലനില്‍ക്കുമെങ്കിലും സ്പീക്കറെ നിയമപരമായി കുടുക്കാനാണു പ്രതിപക്ഷ നീക്കം. കേസ് കോടതിയിലെത്തിയാല്‍ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടും. നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതിന് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി കേസെടുപ്പിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ക്കെതിരേയും നിയമനടപടികളുമായി മുന്നോട്ട് പോകാനാണു പ്രതിപക്ഷ തീരുമാനം.

ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതിന് സ്വമേധയാ കേസെടുക്കാന്‍ കഴിയും. എന്നാല്‍ കോടതിയോ വനിതാ കമ്മിഷനോ പൊലീസോ സ്വമേധയാ കേസെടുത്തില്ലെങ്കില്‍ പരാതിയുമായി മുന്നോട്ട് പോകാനാണു വനിതാ എംഎല്‍എമാരുടെ തീരുമാനം. നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ സിപിഎം വനിതാ സംഘടന ജനാധിപത്യ മഹിളാ അസോസിയേഷന്‍ തീരുമാനിച്ചു. എംഎല്‍എമാരായ ജമീലാ പ്രകാശം, കെ.കെ. ലതിക, ഇ.എസ്. ബിജിമോള്‍ എന്നിവരാണു പരാതിക്കാര്‍. തന്നെ ആക്രമിച്ചുവെന്നാരോപിച്ച് സിപിഐ എംഎല്‍എ ഗീതാ ഗോപിയും പരാതി നല്‍കും.

ആറന്മുള എംഎല്‍എ കെ.ശിവദാസന്‍ നായരെ ജമീലാ പ്രകാശം കടിച്ചു പരുക്കേല്‍പ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശിവദാസന്‍ നായരും എം.എ. വാഹിദും ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്. ചില മാധ്യമങ്ങളില്‍ ജമീലാ പ്രകാശം കടിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ജമീലാ പ്രകാശത്തിനെ ശിവദാസന്‍ നായര്‍ പുറകില്‍ നിന്നു കൈകൊണ്ട് ചുറ്റിപിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു ശേഷമായിരുന്നു ജമീലാ പ്രകാശം കടിച്ചത്. ഇടതുകൈ പുറകിലേക്കു ചുറ്റിപിടിക്കുകയും വിടാന്‍ പറഞ്ഞപ്പോള്‍ വലത്തെ കാലില്‍ മുട്ടു കൊണ്ടിക്കുകയും മറ്റൊരു കൈ കൊണ്ട് പുറകില്‍ വയറില്‍ അമര്‍ത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് ജമീലാ പ്രകാശത്തിന്റെ ആരോപണം.

ഭര്‍ത്താവിന്റെ ജാതി പറഞ്ഞ് ഡൊമനിക് പ്രസന്റേഷന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും, ഒന്നിലേറെ തവണ ഡൊമനിക് പ്രസന്റേഷന്‍ ഇതാവര്‍ത്തിച്ചുവെന്നും ജമീല പ്രകാശം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെളിവായി ദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കി. കെ.കെ. ലതിക എംഎല്‍എയും ഡൊമനിക് പ്രസന്റേഷനെതിരേ പരാതി നല്‍കിയിട്ടുണ്ട്. തന്നെ തള്ളിയിട്ടെന്നാണു പരാതി. മുദ്രാവാക്യം വിളിച്ചു നിന്ന തന്നോട് അപമര്യാദയായി പെരുമാറിയെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്.

തൊഴില്‍ മന്ത്രി ഷിബുബേബി ജോണിനെതിരേയാണു ഇ.എസ്. ബിജിമോള്‍ പരാതി നല്‍കുന്നത്. ട്രഷറി ബഞ്ചില്‍ കെ.എം.മാണിയുടെ സമീപത്തേയ്ക്ക് പോകാന്‍ ശ്രമിച്ച തന്നെ ഇരുകൈകളും ഡെസ്‌കില്‍ വച്ചു മന്ത്രി തടഞ്ഞു. ഇതിനിടെ പല തവണ തന്നെ തള്ളിയിടാന്‍ ശ്രമം നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുകയും വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ നടപടി എടുക്കാതിരിക്കുകയും ചെയ്താന്‍ സ്പീക്കറും നിയമക്കുരുക്കില്‍ കുടുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Top