റായ്പൂര്‍: ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തിലെ സ്ത്രീകളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വിദ്യാഭ്യാസം നല്‍കും. കുട്ടികളുടെ ചികിത്സാ ചെലവുകളും പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഇതിനായി മരണമടഞ്ഞ സ്ത്രീകളുടെ കുട്ടികള്‍ക്കെല്ലാം സൗജന്യ ചികിത്സാ കാര്‍ഡ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കുട്ടികളുടെ പേരില്‍ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കാനും 18 വയസുവരെയുള്ള പഠന ചെലവുകള്‍ വഹിക്കാനും ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ക്യാമ്പില്‍ പങ്കെടുത്ത പതിമൂന്ന് സ്ത്രീകളാണ് ശസ്ത്രക്രീയാ പിഴവുമൂലം മരണമടഞ്ഞത്. മുപ്പതോളം കുട്ടികള്‍ക്ക് ഇതുമൂലം അമ്മമാരെ നഷ്ടമായെന്നാണ് കണക്കാക്കുന്നത്.