വാട്‌സ്ആപ്പ് വോയ്‌സ് കോളിംഗ് കുടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുന്നു

പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ ലഭ്യമാക്കിയിരുന്ന വാട്‌സ് ആപ്പ് വോയ്‌സ് കോളിംഗ് സൗകര്യം കൂടുതല്‍ പേര്‍ക്ക് ലഭ്യമായിത്തുടങ്ങി.ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് സൗകര്യം ലഭ്യമായിരിക്കുന്നത്. സേവനം ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ പേര്‍ക്ക് സേവനം വ്യാപിക്കുന്നതെന്നാണ് വിവരം.

വിവിധ നെറ്റ്‌വര്‍ക്കുകളില്‍ ഇപ്പോഴും പരിശോധന തുടരുന്ന സാഹചര്യത്തിലാണ് പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രം സൗകര്യം നല്‍കുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണിലേക്കും ബ്ലാക്‌ബെറിയിലേക്കും വോയ്‌സ്‌കോളുകള്‍ നടത്താനാകും. ഐഫോണിലും വിന്‍ഡോസ് ഫോണിലും വോയ്‌സ് കോളിംഗ് ഈ ഘട്ടത്തില്‍ ലഭ്യമാകില്ല. ഐഒഎസിലെ പുതിയ വാട്‌സ്ആപ്പ് പതിപ്പില്‍ കോളിംഗ് ബട്ടണുണ്ടെങ്കിലും ചില സാങ്കേതികപ്ര്ശ്‌നങ്ങള്‍ തുടരുന്നതാണ് കാരണം. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പു തയാറായി വരുന്നതേയുള്ളൂ.

വാട്‌സ്ആപ്പ് ഇന്‍വിറ്റേഷന്‍ കോള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ വാട്‌സ്ആപ്പിന്റെ കാഴ്ചയിലും മാറ്റം വരും. കോള്‍ ബട്ടണും കോള്‍ ലോഗും ചേരുന്നതോടെ പുതിയ മുഖമായിരിക്കും വാട്‌സ്ആപ്പിന് ലഭിക്കുക. ഫോണിന്റെ ചിത്രവുമായിട്ടായിരിക്കും കോള്‍ ബട്ടണ്‍ കാണുക. കോള്‍ മ്യൂട്ട് ചെയ്യാനും ലൗഡ് സ്പീക്കറിലേക്കു മാറ്റാനും ടെക്സ്റ്റ് ചാറ്റിംഗില്‍ തുടരാനുമൊക്കെ പ്രത്യേക ഐക്കണുകളും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷണം വ്യാപിപ്പിക്കുന്നഘട്ടത്തിലായതിനാല്‍ വോയ്‌സ് കോളിംഗ് സജ്ജമായി എന്ന അറിയിപ്പ് വാട്‌സ് ആപ്പ് നല്‍കിയിട്ടില്ല.

Top