തിരുവനന്തപുരം: വി.എസ് രാജ്യത്തെ പ്രമുഖനായ കമ്യൂണിസ്റ്റ് നേതാവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.
വി.എസ് അദ്ദേഹത്തില്‍ അര്‍പ്പിതമായ തെരഞ്ഞെടുപ്പ് ചുമതലയാണ് ഇപ്പോള്‍ നിര്‍വഹിക്കുന്നത്. അതില്‍ അസഹിഷ്ണുതപ്പെട്ടിട്ടാണ് ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ രംഗത്ത് വരുന്നത്.
എ.കെ ആന്റണിയെ പോലുള്ള നേതാക്കള്‍ വി.എസിനെതിരെ പരാമര്‍ശം നടത്തിയത് ഉചിതമല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. അരുവിക്കരയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയും കെ എം മാണിയും അഴിമതിയുടെ കാര്യത്തില്‍ വ്യത്യസ്തരാണ്. കോഴപ്പണം എണ്ണിവാങ്ങിച്ച ആദ്യത്തെ ധനമന്ത്രിയാണ് കെ.എം മാണി. ഉമ്മന്‍ചാണ്ടി കേസില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി കോഴ കൊടുത്ത ആദ്യ മുഖ്യമന്ത്രിയും.
കേരളത്തില്‍ അതിഭീകരമായ അഴിമതികളാണ് നടക്കുന്നത്. പണം തന്നുവെന്ന ഫെനിയുടെ ആരോപണത്തോട് മന്ത്രിമാര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. ഫെനി തന്നെ എല്ലാം നിഷേധിച്ചു എന്ന് മുഖ്യമന്ത്രി പറയുന്നത് അപഹാസ്യപരമാണ്.
ഡീല്‍ ഉറപ്പിക്കാനുള്ള സ്ഥലമായി ജയിലിനെ സര്‍ക്കാര്‍ മാറ്റി. ജയിലിലെ ഉദ്യോഗസ്ഥന് ശ്രീരാമനെ സ്ഥലം മാറ്റിയത് എന്തിനാണ്? സന്ദര്‍ശക രജിസ്റ്ററില്‍ തിരിമറി നടത്താനായിരുന്നു സ്ഥലം മാറ്റം. ഒളിക്യാമറകള്‍ ജനങ്ങളുടെ മൂന്നാം കണ്ണായി മാറുന്നുവെന്നും പിണറായി പറഞ്ഞു.
യുഡിഎഫ് മന്ത്രിമാരുടേത് വേശ്യാലയ സംസ്കാരമാണ്. സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധപതിച്ചിരിക്കുന്നു. സരിതയുടെ ഫോണ്‍ സംഭാഷണം ഇതിനുള്ള തെളിവാണ്. ഇത്ര അധമന്മാരായ മന്ത്രിസംഘത്തെ കേരളം കണ്ടിട്ടില്ലെന്നും പിണറായി ആഞ്ഞടിച്ചു.
സര്‍ക്കാരിനെതിരെ അരുവിക്കരയിലെ ജനങ്ങള്‍ വിധിയെഴുതുമെന്നും ഭരണത്തിനെതിരായ ജനവികാരം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.