ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതലയുള്ള വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നാണ് വിശദീകരണം. അതേസമയം, സ്ഥാനക്കയറ്റം നല്‍കിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ജേക്കബ് തോമസിനെ കൂടാതെ എ.ഡി.ജി.പിമാരായ ലോക്‌നാഥ് ബെഹ്‌റ, അരുണ്‍ കുമാര്‍ സിന്‍ഹ, ഋഷിരാജ് സിംഗ് എന്നിവരെയും ഡി.ജി.പിമാരായി ഉയര്‍ത്തി.

ബാര്‍ കോഴ കേസിന്റെ അന്വേഷണം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനിടെ ജേക്കബ് തോമസിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി ആ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷമാണ് വിന്‍സണ്‍ എം.പോളിനെ വിജിലന്‍സ് ഡയറക്ടറായും ലോകായുക്ത എ.ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സ് എ.ഡി.ജി.പിയായും നിയമിച്ചിരുന്നത്. വിന്‍സണ്‍ എം.പോളും ജേക്കബ് തോമസും ചേര്‍ന്ന് പല കേസുകളിലും നിര്‍ണായക ഇടപെടലുകളും നടത്തുകയും ചെയ്തിട്ടുണ്ട്. ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആരോപണത്തില്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നിലും ഇവരിരുവരുമാണ്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ പെട്ട പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതും വിജിലന്‍സ് കേസ് എടുത്തതും ജേക്കബ് തോമസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ്.

Top