വിദേശ നിക്ഷേപം ഡിസംബറില്‍ ഇടിഞ്ഞു

കൊച്ചി: വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി ഇന്ത്യ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുമ്പോഴും ഡിസംബറില്‍ വിദേശ നിക്ഷേപം കുത്തനെ കുറഞ്ഞു. വെറും 2,132 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞമാസം സ്വന്തമാക്കിയത്. നവംബറില്‍ 10,495 കോടി രൂപ സ്വന്തമാക്കിയ സ്ഥാനത്താണിത്. കടപ്പത്രി വിപണിയാകട്ടെ കഴിഞ്ഞമാസം 11,836 കോടി രൂപ സ്വന്തമാക്കിയിരുന്നു.

യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളില്‍ പലിശ ഉയരുമെന്ന ഭീതിയും സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ അമാന്തവും കഴിഞ്ഞമാസം ഓഹരി വിപണിയില്‍ കനത്ത ലാഭമെടുപ്പിന് കാരണമായിരുന്നു.

ഡിസംബറില്‍ പൊതുവേ കാണാറുള്ള നിക്ഷേപകരുടെ ആലസ്യവും വിദേശ നിക്ഷേപം കുത്തനെ കുറയാന്‍ കാരണമായി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ തന്നെയാണ് കഴിഞ്ഞമാസം ലാഭമെടുപ്പില്‍ മുന്നിട്ടു നിന്നത്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കു പ്രകാരം 98,150 കോടി രൂപയാണ് ഓഹരി വിപണിയില്‍ 2014ല്‍ എത്തിയ വിദേശ നിക്ഷേപം. 2013ല്‍ ഇത് 1.13 ലക്ഷം കോടി രൂപയും 2012ല്‍ 1.28 ലക്ഷം കോടി രൂപയുമായിരുന്നു. ഓഹരി വിപണി ഏറ്റവുമധികം വിദേശ നിക്ഷേപം നേടിയത് 2010ലാണ്; 1.33 ലക്ഷം കോടി രൂപ.

Top