ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശത്തു നിന്ന് പരമാവധി തുക കടമെടുക്കാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളോട് ബാങ്കുകളുടെ നിര്‍ദ്ദേശം. ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ന്നതോടെ രാജ്യാന്തര വിപണിയില്‍ നിന്ന് കൂടുതല്‍ വായ്പ ലഭിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. അമേരിക്ക ധന നയം ശക്തിപ്പെടുത്തുന്നതോടെ പലിശ നിരക്കുകള്‍ ഉയരുമെന്നതിനാല്‍ പരാമവധി തുക കടമെടുക്കുന്നതിന് മികച്ച സമയം ഇപ്പോഴാണെന്നാണ് ബാങ്കുകള്‍ കോര്‍പറേറ്റുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഇന്ത്യയുടെ റേറ്റിംഗ് നെഗറ്റീവില്‍ നിന്ന് സ്ഥിരതയിലേക്ക് ഉയര്‍ത്തിയത്. റേറ്റിംഗ് ഏജന്‍സിയുടെ പ്രഖ്യാപന അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കടപ്പത്രങ്ങളുടെ വായ്പാ പരിധി അഞ്ച് ബേസിക് പോയിന്റാവുകയും ചെയ്തു. രൂപയുടെ മൂല്യത്തിലും വര്‍ധനയുണ്ടായി.
വിദേശത്തു നിന്ന് മൂലധന സമാഹരണം നടത്തുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള ചെലവ് കുറഞ്ഞിരുന്നു. രാജ്യത്തിന്റെ റേറ്റിംഗ് ഉയര്‍ന്നതോടെ വരും ദിവസങ്ങളില്‍ ഇത് വീണ്ടും കുറയുമെന്നാണ് കരുതുന്നത്. വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നും ഇന്ത്യ വളര്‍ച്ചയുടെ സുവര്‍ണ പാതയിലേക്കു കടന്നിരിക്കുകയാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.