വിഴിഞ്ഞം പദ്ധതി: പരാതിക്കാരനായ മേരീദാസനെ കേസില്‍ നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി:വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം കേന്ദ്രം ദേശീയ ഹരിത ട്രൈബ്യൂണലില്‍ അറിയിച്ചു. പരാതിക്കാരനായ മേരീദാസന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ പരാതിക്കാര്‍ പിന്‍മാറിയാലും കേസ് തുടരുമെന്നും അറിയിച്ചു.

പരാതി നല്‍കിയത് പള്ളിവികാരിയായ ഫാ.മത്തേയൂസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും മേരീദാസന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഒപ്പിട്ടു നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും കേസിനെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നും മേരീദാസന്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ മേരീദാസനെ കേസില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയതിനെതിരായ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി രണ്ടു മത്സ്യത്തൊഴിലാളികള്‍ കൂടി അപേക്ഷ നല്‍കി. വെട്ടുകാട് സ്വദേശി എലിസബത്ത് ആന്റണി, ബീമാപള്ളി സ്വദേശി മെഹദാദ് എന്നിവരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇരുവരും മത്സ്യത്തൊഴിലാളി ക്ഷേമഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്.

Top