വിവാദങ്ങള്‍ക്കിടയിലും ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പിന് വന്‍വില്പന

പാരീസ്: ഭീകരാക്രമണത്തിനു ശേഷം പ്രസിദ്ധമായ ഹാസവാരിക ഷാര്‍ളി എബ്‌ഡോ വിവാദ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി പ്രസിദ്ധീകരിച്ച പുതിയ പതിപ്പിന് പ്രതിഷേധങ്ങള്‍ക്കിടയും വന്‍വില്പന. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമായി പുറത്തിറക്കിയ പതിപ്പ് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം വിറ്റുതീര്‍ന്നു. മാസികയുടെ പ്രചാരം വര്‍ധിച്ചത്തോടെ പുതിയ പതിപ്പിന്റെ 50 ലക്ഷം കോപ്പികള്‍ അച്ചടിക്കാന്‍ പത്രാധിപര്‍ തീരുമാനിച്ചു. ഇബേയില്‍ 10 ലക്ഷത്തിലധികം രൂപയ്ക്കാണ് പുതിയ പതിപ്പ് വില്പനയ്ക്കു വച്ചിരിക്കുന്നത്. എന്നാല്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ ലോകമെങ്ങും വന്‍പ്രതിഷേധമാണ് ഉയരുന്നത്. ജര്‍മനിയില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ പ്രസിഡന്റ് ജോവാക്കിം ലോ, ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കൂടുതല്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരേ പുതിയ പതിപ്പ് പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ ഈജിപ്തിലെ ഇസ്‌ളാമിക നേതാക്കള്‍ വാരികയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരരുടെ വിവിധ വെബ്‌സൈറ്റുകളില്‍ വാരികയ്‌ക്കെതിരേ ആക്രമണഭീഷണി ഉയര്‍ന്നിട്ടുണ്ട്. ആക്രമണഭീഷണിയെത്തുടര്‍ന്ന് പാരീസിലെ ഈഫല്‍ ടവര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.

Top