അഡ്‌ലെയ്ഡ് : ഇന്നലെ നടന്ന മത്സരത്തിനിടെ വീണ്ടും പരുക്കേറ്റ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. പരുക്കേറ്റ ക്ലാര്‍ക്ക് ഇപ്പോള്‍ ചികിത്സയിലാണ്. പരുക്കുകള്‍ വിടാതെ പിന്തുടരുന്ന ക്ലാര്‍ക്ക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചനയുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പന്ത് തടയുന്നതിനിടെയാണ് ക്ലാര്‍ക്കിന്റെ വലത് തുടയെല്ലിന് പരുക്കേല്‍ക്കുകയായിരുന്നു. ഈ വര്‍ഷം അഞ്ചാമത്തെ പ്രാവശ്യമാണ് ക്ലാര്‍ക്കിന് പരുക്കേല്‍ക്കുന്നത്. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ക്ലാര്‍ക്കിന് ആദ്യം പരുക്കേല്‍ക്കുന്നത്. തോളിനായിരുന്നു അന്ന് പരുക്ക്. പിന്നീട് സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിനിടെ തുടയെല്ലിന് പരുക്കേറ്റു അതിന് ശേഷം നവംബറില്‍ തിരിച്ചു വന്ന ക്ലാര്‍ക്ക് ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ തന്നെ ഇടത് തുടയെല്ലിന് പരുക്കേറ്റ് വീണ്ടും വിശ്രമത്തിലായി. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് പ്രാവശ്യമാണ് ക്ലാര്‍ക്കിന് പരുക്കേറ്റത്. ആദ്യം ദിവസം പേശിവലിവ് അനുഭവപ്പെട്ട് പിന്മാറിയ ക്ലാര്‍ക്ക് പിന്നീട് തിരിച്ചു വന്ന് സെഞ്ചുറി നേടി. പക്ഷേ ഇന്നലെ വീണ്ടും തുടയെല്ലിന് പരുക്കേറ്റ ക്ലാര്‍ക്ക് മത്സരം പൂര്‍ത്തിയാക്കാതെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഫില്‍ ഹ്യൂസിന്റെ മരണത്തെത്തുടര്‍ന്ന് വൈകാരികമായി മത്സരത്തെ സമീപിച്ച ക്ലാര്‍ക്ക് ഹ്യൂസിന് വേണ്ടി മത്സരം ജയിക്കണമെന്ന ആഗ്രഹത്തിലാണ് പരുക്കേറ്റിട്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ഇനിയും എത്ര നാള്‍ കളിക്കാന്‍ സാധിക്കുമെന്നറിയില്ലെന്നും സ്‌കാനിങ് റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഭാവി തീരുമാനിക്കുകയുള്ളുവെന്നും ക്ലാര്‍ക്ക് പറഞ്ഞു.