കോട്ടയം: പിന്നോക്ക വിഭാഗത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് എസ്എന്‍ഡിപി യോഗവുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് മുന്നോക്ക വോട്ടുകള്‍ നഷ്ടമാവുമെന്ന് ആശങ്ക.
മൂന്നാം ബദലിനോട് സഹകരിക്കില്ലെന്ന എന്‍എസ്എസിന്റെ കടുത്ത നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നത്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലടക്കം നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ ബിജെപിയെ എക്കാലത്തും പിന്തുണച്ചിരുന്ന മുന്നോക്കവിഭാഗത്തിലെ വോട്ടുകളാണ്.
എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രിയും തന്നെ നേരിട്ട് എസ്എന്‍ഡിപി യോഗത്തിന് വലിയ പ്രാധാന്യം നല്‍കി, ബിജെപി മുന്നണിയില്‍ സഹകരിപ്പിക്കുന്നത് എന്‍എസ്എസ് അടക്കമുള്ള മുന്നോക്ക സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് ഉന്നത നേതൃത്വങ്ങള്‍ ഇടപെട്ടിട്ടുപോലും ബിജെപി മുന്നണിയോട് സഹകരിക്കാന്‍ എന്‍എസ്എസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
നേരത്തെ ഹിന്ദുവിശാല ഐക്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ത്തിരുന്ന എന്‍എസ്എസും എസ്എന്‍ഡിപി നേതൃത്വവും ഇടക്കാലത്ത് തെറ്റിയിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ അപ്രമാധിത്വം അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ അടക്കമുള്ള നേതാക്കള്‍.
എസ്എന്‍ഡിപിക്ക് താഴെത്തട്ടിലുള്ള ശാഖകള്‍ക്ക് സമാനമായി എന്‍എസ്എസിന് കരയോഗങ്ങളാണ് സംസ്ഥാന വ്യാപകമായുള്ളത്. സംവരണമില്ലാത്ത സമുദായങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് എന്‍എസ്എസിനുള്ളത്.
ഈ സ്വാധീനം കൂടി മുന്നില്‍ കണ്ടാണ് ഇപ്പോള്‍ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും സംവരണം നല്‍കണമെന്ന ആവശ്യം സിപിഎം ശക്തമായി ഉന്നയിച്ചിരിക്കുന്നത്.
സിപിഎം നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന എന്‍എസ്എസ് നേതൃത്വം അടുത്ത കാലത്തായി സിപിഎമ്മിന് അനുകൂലമായ നിലപാടാണ് ‘സമദൂര’ത്തിന്റെ മറവില്‍ സ്വീകരിച്ചിട്ടുള്ളത്.
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ബിജെപിയുടെ പ്രചാരകനും നടനുമായ സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ എന്‍എസ്എസിനെ ന്യായീകരിച്ച് പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ശക്തമായ സംഘടനാ സംവിധാനമാണ് എന്‍എസ്എസിനുള്ളത്.
ജാതി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ പരാജയമാണ് ഫലമെന്ന് എന്‍ഡിപിയുടെ രൂപീകരണത്തെ പരാമര്‍ശിച്ച് സുകുമാരന്‍ നായര്‍ തുറന്നടിച്ചത്. എസ്എന്‍ഡിപി നേതൃത്വത്തിനുള്ള മറുപടി കൂടിയായിരുന്നു. ഈ ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇപ്പോള്‍ വിശാല മതേതര സഖ്യത്തിന് എസ്എന്‍ഡിപി യോഗം മുന്‍കൈയെടുത്തിരിക്കുന്നത്.
മതേതര സ്വഭാവമുള്ള പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി ബിജെപി മുന്നണിയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും പദ്ധതി.
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ മതേതര പാര്‍ട്ടിയുണ്ടാക്കിയാലും ഏത് മുന്നണി ഉണ്ടാക്കിയാലും ഒരു കാരണവശാലും ആ ‘കുംടുംബവാഴ്ച’യോട് സഹകരിക്കില്ലെന്ന നിലപാടിലാണ് എന്‍എസ്എസ്.
എന്‍എസ്എസ് ഇല്ലാത്ത ഹിന്ദു ഏകീകരണം കേരളത്തെ സംബന്ധിച്ച് അപൂര്‍ണ്ണമാണെന്നതിനാല്‍ എന്‍എസ്എസിന്റെ മനംമാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.