വ്യാജ ജഡ്ജി ചമഞ്ഞ് 2740 പേര്‍ക്ക് ജാമ്യം നല്‍കി

ന്യൂഡല്‍ഹി: വ്യാജ ജഡ്ജി ചമഞ്ഞ് 2,740 പേര്‍ക്ക് ജാമ്യമനുവദിച്ചയാള്‍ അറസ്റ്റില്‍. എഴുപത്തിഎഴുകാരനായ ധനിറാമിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹന മോഷണ ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണു ജഡ്ജി തട്ടിപ്പ് പുറംലോകമറിയുന്നത്. ഹരിയാനയിലെ ജജ്ജര്‍ അഡിഷനല്‍ സെഷന്‍സ് ജഡ്ജി വകുപ്പു തല അന്വേഷണത്തെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചു. ഈ അവസരം മുതലാക്കി കൃത്രിമ രേഖയുണ്ടാക്കി അവധിക്കാല ജഡ്ജിയെന്ന പേരില്‍ ഹജ്ജര്‍ കോടതിയില്‍ ചുമതലയേല്‍ക്കുകയായിരുന്നു. രണ്ടു മാസത്തോളം ജഡ്ജിയായി സേവനം അനുഷ്ഠിച്ച ഇയാള്‍, 2,740 പേര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
സ്‌റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തിരുന്ന ധനിറാം പിന്നീട് ജോലി രാജിവച്ചു. തുടര്‍ന്ന് കൊല്‍ക്കത്തയിലെത്തിയ ഇയാള്‍ കൈയെഴുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കുകയും പിന്നീട് എല്‍എല്‍ബി ബിരുദമെടുത്തതായും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മോഷണം, വഞ്ചന, വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.

Top