ശര്‍ബാനി മുഖര്‍ജി തിരിച്ചു വരുന്നു

സൂഫി പറഞ്ഞ കഥ, രാക്കിളിപ്പാട്ട്, ആത്മകഥ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ബംഗാളി താരം ശര്‍ബാനി മുഖര്‍ജി ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രദീപ് മുല്ലനേഴി സംവിധാനം ചെയ്യുന്ന നമുക്കൊരേ ആകാശം എന്ന ചിത്രത്തിലൂടെയാണ് ശര്‍ബാനി തിരിച്ചുവരുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിലെ നായകന്‍. ശര്‍ബാനിയുടെ ഭര്‍ത്താവായ നാസര്‍ എന്ന കേണലിന്റെ കഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്. ഗൗരി എന്നാണ് ശര്‍ബാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ക്രിസ്ത്യന്‍ യുവാവുമായി പ്രണയത്തിലായ ഗൗരിക്ക് അവളുടെ വീട്ടില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നാസറുമൊത്ത് ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടതായി വന്നു. എന്നാല്‍ വിവാഹശേഷം ഇവരുടെ ബന്ധത്തില്‍ ചില താളപ്പിഴകള്‍ ഉണ്ടാകുന്നു. അതിനിടെ ഒരു കുട്ടി തെറ്റ് ചെയ്യുന്നതും അതിന്റെ പേരില്‍ അവനും അവന്റെ കുടുംബവും അനുഭവിക്കുന്ന അനന്തരഫലങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധാകനായ പ്രദീപ് വ്യക്തമാക്കി. അവരെ സഹായിക്കുന്ന പല കുടുംബങ്ങളെയും സുഹൃത്തുക്കളെയും പറ്റി ചര്‍ച്ച ചെയ്യുന്നതിനൊപ്പം ചിത്രം ഒരു കുറ്റകൃത്യത്തിന്റെ ചുരുള്‍ അഴിക്കുകയും ചെയ്യുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. വളരെ വിജനമായ ഇത്തരം പ്രദേശങ്ങളില്‍ സിനിമ ചിത്രീകരിക്കുന്നത് നല്ല കാര്യമാണെന്നും അവിടെ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളും പുറത്തു വരുമെന്നും ശര്‍ബാനി പറഞ്ഞു. നമുക്കൊരേ ആകാശം ഏപ്രിലില്‍ റിലീസ് ചെയ്യും.

Top