ശശി തരൂരിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി

തിരുവനന്തപുരം: ശശി തരൂരിനെതിരായി നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് അനുമതി നല്‍കി. സംസ്ഥാനത്തെ നേതാക്കളുമായി കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തി. കെപിസിസിക്ക് നടപടിയെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. തരൂരിന്റെ പ്രസ്താവനയില്‍ ഹൈക്കമാന്‍ഡും അതൃപ്തി അറിയച്ചതായാണ് സൂചന.

അതേസമയം, ശശി തരൂരിന് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. നരേന്ദ്രമോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയതിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. മോഡി അനുകൂല പരാമര്‍ശം നടത്തിയ ശശി തരൂരിന്റെ നടപടി ചര്‍ച്ച ചെയ്യാനായി കെ.പി.സി.സി ഉന്നതതല യോഗം ചേരും.

വിഷയത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനേയും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് തന്നെയാണ് വിഷയത്തില്‍ തനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

Top