ശശി തരൂര്‍ വിവാദം: തീരുമാനം ഹൈക്കമാന്റിന് വിട്ടു

തിരുവനന്തപുരം: നരേന്ദ്ര മോഡി പ്രശംസയില്‍ തരൂരിനെതിരെ ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കുമെന്നും നടപടി ഹൈക്കമാന്റ് തീരുമാനിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ശശി തരൂര്‍ വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നിന്ന് തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ല പകരം സംസ്ഥാനത്ത് ഇത് സംബന്ധിച്ച് നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും.

നരേന്ദ്രമോദിക്ക് അനുകൂലമായ ശശിതരൂരിന്റെ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണ് യോഗം ചേര്‍ന്നത്. മോഡി അനുകൂല പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ തരൂരിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

ശശി തരൂര്‍ മോദിയെ അനുകൂലിച്ചതിന് കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യര്‍ , കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍, എം.ലിജു രമേശ് ചെന്നിത്തല തുടങ്ങിയവര്‍ തരൂരിനെതിരെ രംഗത്തുവന്നിരുന്നു. അതേ സമയം ടി.സിദ്ധിഖ് തരൂരിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

കോണ്‍ഗ്രസ് മൂല്യങ്ങളിലുള്ള തന്റെ വിശ്വാസം ആരും സംശയിക്കേണ്ട. ഗാന്ധിയന്‍ സ്വപ്നങ്ങള്‍ ബിജെപിക്ക് മാത്രമായി വിട്ടുകൊടുക്കേണ്ടെന്നാണ് ഉദ്ദേശിച്ചത്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നും തരൂര്‍ പ്രതികരിച്ചു.

Top