ശ്രീവിദ്യയുടെ സഹോദരന്റെ പരാതിയില്‍ ഗണേഷിനെ ‘തളക്കാന്‍’ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: മുന്‍ മന്ത്രിയും പത്തനാപുരം എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാറിനെ സമ്മര്‍ദത്തിലാക്കി ‘കുരുക്കി’ നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം.

അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് കെ.ബി ഗണേഷ്‌കുമാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന അവരുടെ ഏക സഹോദരന്‍ ശങ്കര്‍ രാമന്റെ പരാതിയാണ് ‘രാഷ്ട്രീയ താല്‍പര്യം’ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. സോളാര്‍ കേസ് പ്രതി സരിതാ നായരുടെ ചില നീക്കങ്ങള്‍ക്ക് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗം, ഗണേഷിനെ തളച്ചില്ലെങ്കില്‍ ഇനിയും സര്‍ക്കാരിന് തലവേദനയാകുമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അടുത്തയിടെ സരിത നടത്തിയ വിവാാദ പത്ര സമ്മേളനത്തില്‍ കത്ത് ഉയര്‍ത്തിക്കാട്ടിയതും എംഎല്‍എമാരും മന്ത്രിമാരും അടക്കമുള്ള ചില നേതാക്കളുടെ പേരുകള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണെന്ന് രഹസ്യന്വേഷണ വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത്തരം നീക്കങ്ങള്‍ക്ക് മൂക്കുകയറിടുക എന്നതിനൊപ്പം അവശേഷിക്കുന്ന ഒരു വര്‍ഷം സര്‍ക്കാരിന് സുഗമമായി മുന്നോട്ടുപോകാന്‍ ഗണേഷ് കുമാറിന്റെ ‘തന്ത്രപരമായ പിന്‍തുണയും’ യുഡിഎഫ് നേതൃത്വം ഇപ്പോള്‍ ലക്ഷ്യമിടുന്നുണ്ട്.

രണ്ട് എംഎല്‍എമാരുള്ള വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദള്‍ ഏത് നിമിഷവും മുന്നണി വിട്ടുപോകുന്ന സാഹചര്യം മുന്‍നിര്‍ത്തി കൂടിയാണ് പുതിയ നീക്കം.

നിലവില്‍ യുഡിഎഫില്‍ നിന്ന് പുറത്ത് വന്ന് ഇടതുമുന്നണിയോട് സഹകരിച്ചാണ് കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തിക്കുന്നതെങ്കിലും ഇടത് ബര്‍ത്ത് ആര്‍എസ്പിക്ക് ഇതുവരെ ഉറപ്പായിട്ടില്ല.

നേതൃമാറ്റം നടക്കുകയും ജനതാദള്‍ മുന്നണി വിടുകയും ചെയ്താല്‍ മന്ത്രി കെ.പി മോഹനന്റെ ഒഴിവില്‍ വീണ്ടും ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാമെന്ന നിലപാടാണ്‌ ഐ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

ബാലകൃഷ്ണപിള്ളയുടെ നിലപാടുകളെ മന്ത്രിയായിരിക്കെ തള്ളിക്കളഞ്ഞ പാരമ്പര്യം ഗണേഷ് കുമാറിനുള്ളതിനാല്‍ ഇത്തരമൊരു നിര്‍ദേശം വന്നാല്‍ ഗണേഷ് കുമാര്‍ പരിഗണിക്കുമെന്ന് തന്നെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസം.

ഗണേഷിനെതിരെ ഇപ്പോള്‍ പരാതി നല്‍കിയ ശ്രീവിദ്യയുടെ സഹോദരന്‍ നേരത്തെ നിരവധി തവണ ഇതേ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ധൃതി പിടിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് ഈ സാധ്യതകളെല്ലാം മുന്‍നിര്‍ത്തിയാണെന്നാണ് സൂചന.

സഹായം ലഭിച്ചില്ലെങ്കിലും ഉപദ്രവം ഉണ്ടാവില്ലല്ലോയെന്നാണ് ഇതുസംബന്ധമായ ചോദ്യത്തിന് ഒരു ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ് നല്‍കിയ മറുപടി.

ശ്രീവിദ്യയുടെ വില്‍പത്ര പ്രകാരം ചെയ്യേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഗണേഷ് കുമാര്‍ ചെയ്തിട്ടില്ലെന്നും സഹോദരന്‍ ശങ്കര്‍ രാമന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീട്, കാര്‍, സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ മറ്റ് സ്വത്തുക്കള്‍, എല്‍ഐസി പോളിസികള്‍ എന്നിവയാണ് അനധികൃതമായി ഗണേഷ്‌കുമാര്‍ കൈവശം വച്ചിട്ടുള്ളതെന്നാണ് ആരോപണം.

യഥാര്‍ത്ഥ വില്‍പത്ര പ്രകാരം കൂടുതല്‍ സ്വത്തുക്കള്‍ കാണേണ്ടതാണെന്നും തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ വീട് വിറ്റതിന് ശേഷം പലയിടങ്ങളില്‍ അവര്‍ നിക്ഷേപം നടത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഒരേയൊരു സഹോദരന്‍ എന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഗണേഷ് കുമാര്‍ തങ്ങളില്‍ നിന്ന് മറച്ച് വച്ചെന്നും ഗണേഷിന്റെ ഡ്രൈവറെയും സഹോദരനെയും വില്‍പത്രത്തില്‍ സാക്ഷികളാക്കിയതില്‍ ദുരൂഹതയുണ്ടെന്നും യഥാര്‍ത്ഥ വില്‍പ്പത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ശങ്കര്‍ രാമന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാനാണ് ഡിജിപിയുടെ തീരുമാനം.

Top