ബംഗലൂരു: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ മലയാളി താരം എസ് ശ്രീശാന്തിന് പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയം വിട്ടുകൊടുക്കുമെന്ന് ജിസിഡിഎ. ജിസിഡിഎ ചെയര്മാന് എന്‍ വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐയുടെ ആജീവനാന്ത വിലക്കുള്ളതിനാല്‍ അന്താരാഷ്ട്ര സ്റ്റേഡിയമായ കലൂരില്‍ ശ്രീശാന്തിന് പരിശീലിക്കാനാവില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാല്‍ ഇക്കാര്യം തള്ളി കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകശാമുള്ള ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ (ജിസിഡിഎ) ചെയര്മാന് തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റേഡിയം ജിസിഡിഎയുടെ പരമാധികാരത്തിലാണെന്നും അത് ആര്‍ക്ക് വിട്ടുകൊടുക്കുന്നതും ജിസിഡിഎയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കുള്ള സമയത്തും ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള അനുമതി നല്കുമായിരുന്നെന്നും ജിസിഡിഎ ചെയര്മാന് കൂട്ടിച്ചേര്‍ത്തു.