ഷാര്‍ളി ഹെബ്‌ദോ ആക്രമണം: ഉത്തരവാദിത്വം യമന്‍ അല്‍ഖ്വെയ്ദ ഏറ്റെടുത്തു

പാരീസ്: പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയ ഷാര്‍ളി ഹെബ്‌ദോക്കെതിരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ യമന്‍ ഘടകം ഔദ്യോഗികമായി ഏറ്റെടുത്തു. സംഘടനയുടെ മുതിര്‍ന്ന നേതാവ് നാസര്‍ അല്‍ അന്‍സി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഞങ്ങളുടെ സന്ദേശം എന്ന തലക്കെട്ടോടെ ബുധനാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. പ്രവാചകനു വേണ്ടിയുള്ള പ്രതികാരമായിരുന്നു കൂട്ടക്കൊലയെന്നും ഇനിയും കൂടുതല്‍ ദുരന്തവും ഭീകരതയും പാശ്ചാത്യരാജ്യങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്നും വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൂടാതെ 2011 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങള്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളും ഉസാമയുടെ പ്രസംഗവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഷാര്‍ളി ഹെബ്‌ദോക്കെതിരെ നടന്ന കൂട്ടക്കൊലക്ക് പിന്നില്‍ തങ്ങളാണെന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. അമേരിക്കയോടൊപ്പം തെറ്റുകളില്‍ ഫ്രാന്‍സും പങ്കാളിയാണ്. വിവിധ രാജ്യങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ അവരുടെ പങ്ക് തള്ളിക്കളയാനാകില്ല. മധ്യ ആഫ്രിക്കയില്‍ നിന്ന് മുസ്‌ലിംകളെ തുടച്ചു നീക്കുന്നതിന് പിന്തുണ നല്‍കുന്നതും ഫ്രാന്‍സാണ്. മാധ്യമ സ്വാതന്ത്ര്യം, ആശയ സ്വാതന്ത്ര്യം എന്നീ പേരുകളില്‍ അരങ്ങേറുന്ന പ്രവര്‍ത്തികള്‍ക്ക് തങ്ങള്‍ മുന്നറിയിപ്പ് തന്നിട്ടുള്ളതാണെന്നും വീഡിയോയില്‍ പറയുന്നു.

Top