ഷീനാ ബോറാ വധം: മുബൈ പോലീസ് കമ്മീഷണറെ പദവിയില്‍ നിന്ന് മാറ്റി

മുംബൈ: ചുരുങ്ങിയ സമയം കൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഷീന ബോറ വധക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ മുംബയ് പൊലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് രാകേഷ് മരിയയ്ക്ക് സ്ഥാനചലനം. കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ 22 ദിവസം ബാക്കി നില്‍ക്കെ ചൊവ്വാഴ്ചയാണ് സ്ഥാനക്കയറ്റേത്തോടെ മാരിയയെ മാറ്റിയത്. എ.ഡി.ജി.പി റാങ്കില്‍ നിന്ന് ഡി.ജി.പിയായി ഉയര്‍ത്തി ഹോംഗാര്‍ഡിന്റെ നേതൃത്വമാണ് മാരിയക്ക് നല്‍കിയത്. ഡി.ജി.പി റാങ്കിലുള്ള അഹമ്മദ് ജാവേദ് ആണ് പുതിയ കമ്മിഷണര്‍.

കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത് രാകേഷ് മരിയയുടെ മേല്‍നോട്ടത്തിലായിരുന്നു. ഇന്ദ്രാണി കുറ്റം സമ്മതിച്ചെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. ഇത് പൊലീസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചൊവ്വാഴ്ച രാവിലെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പോകുന്നതിന് മുന്പാണ് രാകേഷ് മരിയയെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. ഷഈന ബോറ വധക്കേസ് കൈകാര്യം ചെയ്ത രാകേഷ് മരിയയുടെ രീതിയിലും ഫട്‌നാവിസിന് അതൃപ്തിയുണ്ടെന്നാണ് സൂചന. കേസിന് പൊലീസ് അനാവശ്യ പ്രധാന്യം നല്‍കിയതിലും സര്‍ക്കാരിന് നീരസമുണ്ട്.

അതേസമയം, രാകേഷ് മരിയയുടെ സ്ഥാനചലനവും ഷീന ബോറ വധക്കേസ് അന്വേഷണവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. രാകേഷ് മരിയയ്ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സമയം ആയെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി കെ.പി.ബക്ഷി പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രാകേഷ് മാരിയക്കു ലഭിച്ച രഹസ്യവിവരമാണ് ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് വഴിതുറന്നത്. രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം കഴിഞ്ഞ മാസം 25 നാണ് മാധ്യമ മേധാവിയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായതിനാല്‍ ഷീന ബോറ കൊലക്കേസ് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.

Top