കൊച്ചി കൊക്കെയ്ന്‍ കേസ്: പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്താനായില്ല

കൊച്ചി: ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ കൊച്ചി പൊലീസിന് തിരിച്ചടി. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

കൊക്കെയ്ന്‍ കണ്ടെത്താനുള്ള സംവിധാനമില്ലെന്ന് അറിയിച്ച് ഡല്‍ഹി, ഹൈദരബാദ് ലാബ് അധികൃതര്‍ പ്രതികളുടെ രക്തസാമ്പിളുകള്‍ തിരിച്ചയച്ചു. ഇതോടെ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന കുറ്റം ഒഴിവാക്കിയായിരിക്കും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക.

നേരത്തെ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രക്തപരിശോധനാ ഫലത്തില്‍ തെളിഞ്ഞിരുന്നു. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളാരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് സാമ്പിളുകള്‍ ഡല്‍ഹിയിലേക്കും ഹൈദരബാദിലേക്കും അയച്ചത്.

ജനുവരി 30ന് കൊച്ചിയില്‍ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് കൊക്കെയ്‌നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേരെ പൊലീസ് പിടികൂടിയത്. ഷൈന്‍ ടോം ചാക്കോ, സഹസംവിധായിക ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, സ്‌നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു.

Top