തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയത അവസാനിച്ചെന്ന് ഔദ്യോഗിപക്ഷത്തിന്റെ വാദങ്ങളെ തള്ളി വി.എസ് പക്ഷത്തെ എട്ട് പ്രമുഖ നേതാക്കള്‍ പോര്‍മുഖം തുറന്നു.
എതിര്ശബ്ദമുയര്ത്താനാവാതെ നിശബ്ദരായി ഇരുന്നവരാണ് ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ച് നടപടിയെടുക്കാന്‍ നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം. ചന്ദ്രന്, പരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്, സി.എസ് സുജാത, സി.കെ. ശശീന്ദ്രന്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരാണ് സംസ്ഥാന കമ്മിറ്റിയില്‍ വി.എസ് പക്ഷത്തിന്റെ ശബ്ദം ഉയര്‍ത്തിയത്.
ഏപ്രില്‍ 25ലെ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണവേളയില്‍ ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്ത ഈ എട്ടുപേരുടെ നടപടി ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ചിരുന്നു. ഇവര്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത വിഭാഗീയത ആരോപിച്ചപ്പോഴാണ് പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുകയാണെന്നും എങ്കില്‍ നടപടി എടുക്കാമെന്നും പിരിയാമെങ്കില്‍ പിരിയാമെന്നും ഇവര്‍ വെല്ലുവിളിച്ചത്.
സിപിഎമ്മില്‍ വിഭാഗീയത കത്തിനിന്നപ്പോള്‍ വി.എസിനൊപ്പം നിലയുറപ്പിച്ചവരാണ് എട്ട് പേരും. സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുകയും വി.എസ് കരുത്തനാവുകയും ചെയ്ത സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് ഇവര്‍ രംഗത്തെത്തിയത്. എന്നാല്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കാതെ നിഷ്പക്ഷരായി നിന്ന കെ.പി. സഹദേവന് (കണ്ണൂര്‍), കെ.പി. ഉദയഭാനു, കെ. അനന്തഗോപന്‍, കെ.പി. സതീഷ് ചന്ദ്രന് എന്നിവരുടെ നിലപാടും ഔദ്യോഗിക പക്ഷത്തെ അലട്ടുകയാണ്.
വി.എസ് അച്യുതാനന്ദനാണ് ഈ വിഭാഗിയതയുടെ കേന്ദ്രമെന്ന ആരോപണം ഉയര്‍ത്തി പി. ജയരാജന് ഔദ്യോഗികപക്ഷത്തിന്രെ വക്താവായി രംഗത്തെത്തിയപ്പോള്‍ കെ. വരദരാജന്, എസ്. രാജേന്ദ്രന്, സൂസന്‍കോടി (കൊല്ലം), സി.എം. ദിനേശ്മണി, സി.എന്‍. മോഹനന് (എറണാകുളം), സജി ചെറിയാന് (ആലപ്പുഴ), പി. മോഹനന് (കോഴിക്കോട്), വി.പി. വാസുദേവന്‍ (മലപ്പുറം) എന്നിവര്‍ മാത്രമാണ് ശക്തമായ പിന്തുണയുമായി എത്തിയത്.
എന്നാല്‍ നിലപാട് എടുക്കാനുള്ള സാഹചര്യം വിശദീകരിച്ച എട്ടുപേരുടെയും മറുപടി ആരോപണങ്ങളുടെ മുനയൊടിച്ചു. തങ്ങള്‍ ആരും ഇന്നലെ പാര്‍ട്ടിയിലേക്ക് വന്നവരല്ലെന്നും അനുഭവ സമ്പത്തുള്ളവരാണെന്നും ഇവര്‍ വ്യക്തമാക്കി.
എന്നാല്‍ തങ്ങളെ തുടര്‍ച്ചയായി അവഗണിച്ച് ഇന്നലെ കടന്നുവന്നവര്‍ക്ക് അംഗീകാരം നല്‍കുകയാണ്. പറയാനുള്ളത് ഇനിയും പറയും.ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച വര്‍ഷങ്ങള്‍ക്കുമുമ്പത്തെ ചര്‍ച്ച ചൂണ്ടിക്കാട്ടിയ എം. ചന്ദ്രന് ഭൂരിപക്ഷ അഭിപ്രായമല്ല പാര്‍ട്ടി നിലപാടായി പലപ്പോഴും സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
‘സംസ്ഥാന സമിതിയില്‍ ഇ.എം.എസ് ഉള്‍പ്പെടെ 70 പേര് ഐഎന്‍എല്ലിനെ എടുക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ 13 പേര് മാത്രമാണ് എതിര്‍ത്തത്. ഒടുവില്‍ കേന്ദ്ര കമ്മിറ്റി ഈ 13 പേരുടെ നിലപാടിനെയാണ് ശരിവെച്ചത്. 13 പേര് വിഭാഗീയമായി പ്രവര്‍ത്തിച്ചെന്ന് അന്ന് ആരും പറഞ്ഞില്ല. ഭൂരിപക്ഷ തീരുമാനമാകില്ല എപ്പോഴും ശരിയാവുക’ ചന്ദ്രന് പറഞ്ഞു.
അച്ചടക്കനടപടി എടുത്തുകൊള്ളൂവെന്ന് ചന്ദ്രന് ഒഴികെയുള്ളവര്‍ പറഞ്ഞു. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയാലും പറയേണ്ടത് വിളിച്ചുപറയുമെന്ന് സി.എസ് സുജാത കൂട്ടിച്ചേര്‍ത്തു. പിരിയാമെങ്കില്‍ പിരിയാമെന്നാണ് കെ. ചന്ദ്രന് പിള്ള തുറന്നടിച്ചത്.
ചര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഇടപെട്ട കോടിയേരി, അച്ചടക്കനടപടിയെക്കുറിച്ച് ഇവിടെ ആരും പറഞ്ഞില്ലല്ലോയെന്ന് ചൂണ്ടിക്കാട്ടി . ഔദ്യോഗികപക്ഷത്തിന് എതിര്‍വാക്കില്ലാത്ത സംസ്ഥാന കമ്മിറ്റിയില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് പക്ഷത്തെ എട്ട് പേര് രംഗത്തെത്തിയത് വരുംനാളില്‍ സിപിഎമ്മില്‍ രൂക്ഷമാകുന്ന വിഭാഗിയതയുടെ തുടക്കമാകുമെന്നാണ് വിലയിരുത്തല്‍.