സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറയുന്നു

കൊച്ചി: സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ കേരളവും. ആരോഗ്യമേഖലയിലെ വിവിധ സംഘടനകളുടെ പഠനത്തില്‍ കേരളത്തില്‍ പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിച്ചുവരുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്വകാര്യ മെഡിക്കല്‍ ലാബുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് നിരോധനം ലംഘിച്ച് ലിംഗനിര്‍ണയം നടത്തുന്നത്. മൂന്ന് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എങ്കിലും ഇക്കാര്യത്തില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവ്.

കൃത്യമായ പരിശോധനകള്‍ നടത്താത്തതും ഉദ്യോഗസ്ഥരുടെ അലംഭാവവും ഇത്തരക്കാര്‍ക്ക് തുണയാകുന്നു. കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് പെണ്‍ ഭ്രൂണഹത്യകള്‍ കൂടുതല്‍. 1000 ആണ്‍കുട്ടികള്‍ക്ക് 1050 പെണ്‍കുട്ടികള്‍ എന്ന അനുപാതം 1000:954 എന്നായി മാറിക്കഴിഞ്ഞു. കേരളത്തിലെ വിവിധ ആശുപത്രികളില്‍ ഒരു ദിവസം 1000 ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നത്. ഇത്തരത്തില്‍ വര്‍ഷം 3,64,000 ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍വച്ച് ഇല്ലാതാക്കപ്പെടുന്നു.

Top