ന്യൂഡല്‍ഹി: ബാങ്കുകള്‍ നല്കുന്ന സേവനത്തെക്കുറിച്ച് ഗ്രാമീണ മേഖലകളിലെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് പോസ്റ്റ്മാന്മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. സര്‍ക്കാറിന്റെ വിവിധ തരത്തിലുള്ള സാമ്പത്തിക, നിക്ഷേപ പദ്ധതികളുടെ പ്രയോജനം പൂര്‍ണമായി ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. പോസ്റ്റ് ഓഫിസുകളെ ഫിനാന്‍ഷ്യല്‍ ലിറ്ററസി ഹബ്ബ് ആക്കി മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമൂഹ്യസാമ്പത്തിക സുരക്ഷാ പദ്ധതികളെക്കുറിച്ചും ഇവര്‍ ജനങ്ങളെ അറിയിക്കും. തപാല്‍ വകുപ്പ് നല്കുന്ന ഇത്തരം സേവനങ്ങള്‍ക്ക് ബാങ്കുകളില്‍നിന്ന് നിശ്ചതിതുക ഫീസായി ഈടാക്കും.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകളില്‍ പ്രതിവാര സാക്ഷരതാ ക്യാംപ് സംഘടിപ്പിക്കും. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിക്കു കീഴില്‍ പ്രത്യേക പരിശീലനം നല്‍കും.
തപാല്‍ വകുപ്പിന് പേയ്മെന്റ് ബാങ്കുകള്‍ ആരംഭിക്കുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതുവഴിയും സാമ്പത്തിക ബോധവത്കരണം നല്‍കും.
രാജ്യത്തിന്റെ ഗ്രാമീണ മേഖലകളില്‍ മികച്ച സാന്നിധ്യമുള്ളതിനാല്‍ തപാല്‍വകുപ്പിന് കാര്യക്ഷമതയോടെ പദ്ധതി നിര്‍വഹിക്കാനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.