സിംബാബ്‌വെയില്‍ ആനവേട്ടകാര്‍ 22 ആനകളെ വിഷം കൊടുത്തു കൊലപ്പെടുത്തി

ഹരാരെ: സിംബാബ്‌വെയില്‍ ആന വേട്ടക്കാര്‍ 22 ആനകളെക്കൂടി വിഷം കൊടുത്തു കൊന്നു. വന്യമൃഗസംരക്ഷണ കേന്ദ്രമായ സിനാമതെലയിലാണ് കഴിഞ്ഞദിവസം 22 ആനകളുടെ ജഡം കണ്ടെടുത്തത്. കൊമ്പെടുക്കുന്ന കള്ളക്കടത്തു സംഘമാണ് ആനവേട്ടയ്ക്ക് പിന്നില്‍.

ആനകള്‍ വെള്ളം കുടിക്കാനെത്തുന്ന തടാകങ്ങളില്‍ സയനൈഡ് കലക്കിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. 35 ആനക്കൊമ്പുകള്‍ കണ്ടെടുത്തതായി വന്യമൃഗസംരക്ഷണകേന്ദ്രം വക്താവ് കരോലിന വഷായ പറഞ്ഞു. രണ്ടാഴ്ചമുമ്പ് ഹ്വാങ് നാഷണല്‍ പാര്‍ക്കിനുപുറത്തും കരിബ പട്ടണത്തിനുസമീപത്തും വ്യത്യസ്ത സംഭവങ്ങളില്‍ 26 ആനകള്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞമാസവും കള്ളക്കടത്ത് സംഘം 14 ആനകളെ കൊല്ലുകയുണ്ടായി. സിംബാബ്‌വെയില്‍ വേട്ടക്കാര്‍ കൊമ്പിനായി നിരവധി ആനകളെയും കാണ്ടമൃഗങ്ങളെയുമാണ് കൊല്ലുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 300 ആനകളെ കൊന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കാണ് കള്ളക്കടത്തുകാര്‍ കൊമ്പുകള്‍ കയറ്റിയയ്ക്കുന്നത്.

Top