ന്യൂഡല്‍ഹി:പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സിഗരറ്റിന്റെ ചില്ലറ വില്‍പ്പന സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു. സിഗരറ്റ് ചില്ലറായി വില്‍ക്കുന്നത് ധാരാളം ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. അതുപോലെ തന്നെ പുകയില ഉത്പന്നം വില്‍ക്കാനുള്ള കുറഞ്ഞ പ്രായം ഉയര്‍ത്താനും നീക്കമുണ്ട്. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം ക്യാബിനറ്റില്‍ സമര്‍പ്പിച്ചു.
പുകയില ഉപയോഗം കുറച്ചുകൊണ്ടു വരുന്നതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം അംഗീകരിച്ചതായി ആരോഗ്യമന്ത്രി ജെ.പി നാഡ രാജ്യസഭയില്‍ അറിയിച്ചു.
സിഗരറ്റ് ചില്ലറായി വില്‍ക്കുന്നത് നിരോധിക്കണമെന്നും പുകയില വാങ്ങുന്നതിനുള്ള പ്രായം ഉയര്‍ത്തണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. പുകയില നിയന്ത്രണത്തിനായി ലോകാരോഗ്യ സംഘടനയെടുക്കുന്ന നടപടിയുടെ ഭാഗമായാണ് ആരോഗ്യമന്ത്രാലയം ഇത്തരം ഒരു നീക്കത്തിലേക്ക് കടന്നത്.