സിഡ്‌നി സംഭവം: പ്രതി പിടികിട്ടാപ്പുള്ളിയെന്ന് ഇറാന്‍

തെഹ്‌റാന്‍: സിഡ്‌നിയിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കോഫിഷോപ്പ് സംഭവത്തിലെ പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യം ആസ്‌ത്രേലിയ തള്ളുകയായിരുന്നുവെന്ന് ഇറാന്‍. തട്ടിപ്പുകേസില്‍ പ്രതിയായ ഹാറൂന്‍ മുനിസ് 14 വര്‍ഷം മുമ്പാണ് ആസ്‌ത്രേലിയയിലേക്കു കടന്നതെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച സിഡ്‌നിയില്‍ കോഫിഷോപ്പില്‍ മോനിസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള പോലിസ് നടപടിക്കിടെ ഇയാളടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

മറ്റു രണ്ടുപേരുടെ മരണം സംബന്ധിച്ചു പോലിസ് അന്വേഷിച്ചുവരുകയാണ്. 1996ല്‍ ട്രാവല്‍ ഏജന്‍സി തുടങ്ങിയ മുനിസ് നിരവധി പേരില്‍ നിന്നു പണംതട്ടി മുങ്ങുകയായിരുന്നുവെന്ന് ഇറാന്‍ പോലിസ് മേധാവി ജനറല്‍ ഇസ്മാഈല്‍ അഹ്മദി മുഖദ്ദം അറിയിച്ചു. ആസ്‌ത്രേലിയ ഇയാള്‍ക്ക് അഭയം നല്‍കുകയായിരുന്നു.

മുന്‍ഭാര്യയുടെ കൊല, ലൈംഗിക പീഡനം തുടങ്ങി 50ഓളം കേസുകള്‍ ഇയാള്‍ക്കെതിരേ ഇറാനില്‍ നിലവിലുണ്ട്. വിചാരണയ്ക്കായി മുനിസിനെ വിട്ടുകിട്ടണമെന്നു 2000ല്‍ തന്നെ ഇറാന്‍ ആസ്‌ത്രേലിയയോട് ആവശ്യപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാര്‍ ഇല്ലാത്തതിനാല്‍ അതു നടക്കാതെ പോവുകയായിരുന്നു. മുനിസിനെ വിട്ടുകിട്ടണമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ആസ്‌ത്രേലിയന്‍ അധികൃതര്‍ക്കു വിവരം നല്‍കിയിരുന്നതായും ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം, കോഫിഷോപ്പില്‍ ആളുകളെ ബന്ദിയാക്കിയ ആയുധധാരിയെ പിടികൂടുന്നതില്‍ രാജ്യത്തെ സുരക്ഷാ സംവിധാനം പരാജയപ്പെട്ടതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു.

Top