ആലപ്പുഴ: പിണറായിയും പിന്നീട് വി.എസും നിറഞ്ഞാടിയതിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. കൊടിമര, പതാക, ദീപശിഖ ജാഥകള്‍ വ്യാഴാഴ്ച ആലപ്പുഴയിലെത്തി. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ജി. സുധാകരന് എംഎല്‍എ പതാക ഉയര്‍ത്തി. തോമസ് ഐസക് എംഎല്‍എ ദീപം തെളിയിച്ചു. വി.എസും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനുമടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
വെള്ളിയാഴ്ച രാവിലെ കളര്‍കോട് എസ്കെ കണ്വന്ഷന് സെന്ററിലാണു പ്രതിനിധി സമ്മേളനം. അതിനു മുന്നോടിയായി പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കും. രാവിലെ വി.എസ്. അച്യുതാനന്ദന് പ്രതിനിധി സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തും. ദീപശിഖ പിണറായി വിജയന് ഏറ്റുവാങ്ങി പ്രത്യേക വേദിയില്‍ സ്ഥാപിക്കും.