ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കൊലപാതകക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. നാരായണ്‍ സിംഗ്, ബജ്റംഗി എന്നിവരുള്‍പ്പെടെ തരൂരിന്റെ സഹായികളായ ഏഴുപേര്‍ക്കാണ് നോട്ടീസ്. സുനന്ദയുടെ മരണസമയം ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകളെയാണ് പുനരന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ചോദ്യം ചെയ്യുന്നത്.
സിആര്‍പിസി 160ാം വകുപ്പ് പ്രകാരമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുക. സുനന്ദയുടെ മരണം അസ്വാഭാവികമാണെന്ന് എയിംസ് അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.