സുരക്ഷക്കായി ഫ്രാന്‍സ് 10,000ത്തോളം സൈനികരെ കൂടുതല്‍ വിന്യസിക്കുന്നു

പാരീസ്: ഫ്രാന്‍സില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 10,000 ത്തോളം സൈനികരെ കൂടുതല്‍ വിന്യസിക്കും. തലസ്ഥാനത്തും സമീപപ്രദേശത്തും കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തില്‍ കൂട്ടുപ്രതികളെ കണ്ടെത്താനായി പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷാ സൈന്യം തിരച്ചില്‍ തുടങ്ങിയ സാഹചര്യത്തിലാണിത്. ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കായി അടിയന്തരമായി തിരച്ചില്‍ നടത്തണമെന്ന് ഇന്നലെ നടന്ന നിര്‍ണായക യോഗത്തിന് ശേഷം വാല്‍സ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഷാര്‍ളി ഹെബ്‌ദോ പത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ 12 പത്രപ്രവര്‍ത്തകരും സൂപ്പര്‍ മാര്‍ക്കറ്റില്‍ ബന്ദിയാക്കപ്പെട്ട ഒരാളും മൂന്ന് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. എങ്ങനെ ആക്രമണം നടത്തണമെന്ന് ആക്രമണകാരികളില്‍ ഒരാള്‍ വിശദീകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാണ് ഈ വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തേണ്ടതുണ്ട്. തീവ്രവാദത്തിനെതിരായ യുദ്ധത്തിലാണ് ഫ്രാന്‍സെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വാല്‍സ് പറഞ്ഞു. 5,000 സുരക്ഷാ സൈനികരെ വിന്യസിക്കുമെന്നും രാജ്യത്തെ 700 ജൂത സ്‌കൂളുകള്‍ക്കും പോലീസ് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അതീവ ഭീഷണിയുള്ള പ്രദേശങ്ങളില്‍ വിന്യസിക്കുന്ന സൈനികരുടെ എണ്ണം 10,000 വരുമെന്ന് പ്രതിരോധ മന്ത്രി ജീന്‍ യാവസ് ലി ഡ്രിയാന്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആക്രമണകാരികളില്‍ ഒരാളുടെ ഭാര്യക്കായി പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ മിക്കവാറും ആക്രമണം നടക്കുന്ന സമയം മുതല്‍ രാജ്യത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ സിറിയ വഴി ഈ മാസം എട്ടിന് തുര്‍ക്കിയിലെത്തിയതായി തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞു. ആക്രമണത്തിനു തൊട്ടുമുമ്പ് മാഡ്രിഡില്‍നിന്ന് തുര്‍ക്കിയിലെത്തിയ ഇവര്‍ ഇസ്താംബൂളിലെ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഷാര്‍ളി ഹെബ്‌ദോ പത്രത്തിനു നേരെ നടന്ന ആക്രമണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്ന അമദി കൗലിബാലിയുടെ ജീവിത പങ്കാളിയാണിവര്‍.

Top