സുരേഷ്‌ഗോപി അപമാനം ഇരന്നുവാങ്ങിയത്; കണ്ടു പഠിക്കേണ്ടത് ഈ രാഷ്ട്രീയ നേതാക്കളെ

തിരുവനന്തപുരം: എന്‍എസ്എസ് ആസ്ഥാനത്തുനിന്നും ആട്ടിയിറക്കിയപ്പോള്‍ ഹൃദയംപൊട്ടിയെന്ന് വിലപിച്ച മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ്‌ഗോപി അപമാനം ഇരന്നുവാങ്ങിയത്…

മത-സാമുദായിക സംഘടനാ നേതാക്കളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം പയറ്റിയ സുരേഷ് ഗോപി അടക്കമുള്ളവര്‍ക്കുള്ള തിരിച്ചടിയാണിത്.

എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിക്കപ്പെടാതെയെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ ആട്ടുംകേട്ട് ഇറങ്ങിപ്പോരേണ്ടി വന്നത് മലയാളികളുടെ ആക്ഷന്‍ ഹീറോയ്ക്കാണ്. ഞാന്‍ നല്ല നായരാണെന്ന് പറയേണ്ടി വന്ന താരത്തിന്റെ ഗതികേട് നാണിപ്പിക്കുന്നതാണ്.

കിടിലന്‍ ഡയലോഗുകളോടെയും ആക്ഷന്‍ രംഗങ്ങളിലൂടെയും വെള്ളിത്തിരയില്‍ ആവേശം വിതറിയ സുരേഷ് ഗോപിക്ക് പൊതു സമൂഹത്തിലുണ്ടായിരുന്ന ‘ഇമേജ്’ ഒറ്റ ഡയലോഗ് കൊണ്ടാണ് സാമുദായിക നേതാവ് തകര്‍ത്തുകളഞ്ഞത്.

നാഷണല്‍ ഫിലിം ഡെവലപ്പ് മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട് അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിനു വേണ്ടി പ്രചരണം നടത്തിയ സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് ദിവസത്തെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം.

അരുവിക്കരയില്‍ എന്‍എസ്എസ് ബിജെപിക്ക് ഒപ്പമാണെന്നു വരുത്തിതീര്‍ക്കാനായിരുന്നു സുരേഷ്‌ഗോപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സുകുമാരന്‍ നായരില്‍ നിന്നേറ്റ അപമാനവും സഹിച്ച് തലകുനിച്ച് ഇറങ്ങിപ്പോയ സുരേഷ്‌ഗോപി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ മന്നം സമാധി സന്ദര്‍ശിച്ചപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാതെ പോയതും ഓര്‍ക്കണം.

സുധീരന്‍ മന്നം സമാധി സന്ദര്‍ശിക്കാന്‍ എത്തുന്നതറിഞ്ഞ് ഖദര്‍ ഷാളുമായാണ് സുകുമാരന്‍ നായര്‍ സ്വീകരിക്കാനായി കാത്തുനിന്നത്. സുധീരനെ കാത്ത് ഓഫീസിലിരുന്ന സുകുമാരന്‍ നായരെ കാണാതെ പോവുകയായിരുന്നു സുധീരന്‍.

കെപിസിസി പ്രസിഡന്റ് അപമാനിച്ചെന്ന് ആരോപിച്ച് സുകുമാരന്‍നായര്‍ പിന്നീട് രംഗത്ത് വന്നെങ്കിലും സുധീരന്‍ അവഗണിക്കുകയായിരുന്നു.

എന്‍എസ്എസ് ആസ്ഥാനത്ത് സുകുമാരന്‍നായരുടെ കാലുപിടിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ മത്സരിക്കുമ്പോള്‍, നായന്‍മാരുടെ അട്ടിപ്പേറവകാശം എന്‍എസ്എസിനും സുകുമാരന്‍നായര്‍ക്കുമില്ലെന്ന് ആഞ്ഞടിച്ചത് പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആകട്ടെ സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശനായാലും ഒരു സാമുദായിക നേതാവും രാഷ്ട്രീയത്തിലിടപെടേണ്ടെന്ന കര്‍ക്കശ നിലപാടുകാരനാണ്. ഒരു സാമുദായിക നേതാവിന്റെ ‘കാലുപിടിക്കാനും’ തന്റെ രാഷ്ട്രീ ജീവിതത്തില്‍ വി.എസ് പോയിട്ടുമില്ല.

സിപിഎം എന്ന വിപ്ലവ പാര്‍ട്ടിയുടെ നേതാക്കളായ വി.എസും പിണറായിയും കാണിച്ച ധീരത സാമുദായിക പ്രീണനം നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സുധീരനുപോലും കാണിക്കേണ്ടി വന്നത് കേരളത്തിന്റെ പൊതു വികാരം മാനിച്ചാണ്.

എഴുതിക്കൊടുക്കുന്ന ഡയലോഗുകള്‍ക്കനുസരിച്ച് അഭിനയിക്കുന്ന സുരേഷ്‌ഗോപി സമുദായിക രാഷ്ട്രീയത്തിനെതിരായ ഈ നിലപാടുകള്‍കൂടി മനസിലാക്കിയിരുന്നെങ്കില്‍ നാണംകെട്ട് മടങ്ങേണ്ടിവരുമായിരുന്നില്ല.

Top