ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തി ചരിത്രനേട്ടം കുറിച്ച സൈന നെഹ്വാളിന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അഭിനന്ദനം. ഇരുവരും ട്വിറ്ററിലാണ് സൈനയ്ക്ക് അഭിനന്ദനം അറിയിച്ചത്. വരുന്ന മത്സരങ്ങളില്‍ വിജയാശംസ കൂടി നേര്‍ന്നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൈനയ്ക്ക് അഭിനന്ദനം അറിയിച്ചത്. സൈനയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ലോക ഒന്നാം നമ്പര്‍ താരം കരോളിന മാരിന്‍സ് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് സെമിയില്‍ പരാജയപ്പെട്ടതാണ് സൈനയെ റാങ്കിംഗില്‍ ഒന്നാമതെത്താന്‍ സഹായിച്ചത്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ നേരത്തെ ഇന്ത്യയുടെ പ്രകാശ് പദുക്കോണ്‍ ലോക റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്.