സൊനാക്ഷി സിന്‍ഹയ്ക്ക് ചിന്‍മയിയുടെ പ്രശംസ

സൊനാക്ഷി സിന്‍ഹയ്ക്ക് ഇപ്പോള്‍ നല്ല കാലമാണ്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നായികയാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാധ്യമങ്ങളെല്ലാം സൊനാക്ഷിയുടെ പിന്നാലെയാണ്. ലിംഗയിലെ സൊനാക്ഷിയുടെ പ്രകടനം മികച്ചതാണെന്ന് ഏവരും പറയുന്നു. രജനീകാന്തിനെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് സൊനാക്ഷിയുടെ പ്രകടമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഗായിക ചിന്‍മയിയും സൊനാക്ഷിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നു. സൊനാക്ഷിയുടെ തമിഴ് പഠിക്കാനുള്ള ശ്രമമാണ് ചിന്‍മയിയെ സന്തോഷപ്പെടുത്തിയത്. സൊനാക്ഷിക്കു വേണ്ടി സിനിമയില്‍ ഡബ് ചെയ്യുന്നത് ചിന്‍മയിയാണ്. സൊനാക്ഷി തന്നെ ഡബ് ചെയ്യാന്‍ ശ്രമം നടത്തിയതാണ്. തമിഴ്‌നാടന്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയായാണ് സൊനാക്ഷി സിനിമയില്‍ അഭിനയിക്കുന്നത്. ഗ്രാമീണ തമിഴ് പറയാനുള്ള വിഷമം കൊണ്ടാണ് സൊനാക്ഷി ഡബിങ്ങില്‍ നിന്നും പിന്‍മാറിയത്. തമിഴ് ഡയലോഗെല്ലാം കൃത്യമായാണ് ചിത്രീകരണത്തിനിടെ സൊനാക്ഷി പറഞ്ഞതെന്ന് ചിന്‍മയി. മറ്റു തിരക്കുകള്‍ കാരണം സിനിമയ്ക്ക് വേണ്ടി പാടാന്‍ തനിക്ക് സാധിച്ചില്ല. എന്നാല്‍ ഡബ് ചെയ്തതോടെ സിനിമയുമായി സഹകരിക്കാന്‍ സാധിച്ചു. ഇതില്‍ വളരെ സന്തോഷമുണ്ടെന്നും ചിന്‍മയി. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിംഗ ഡിസംബര്‍ 12ന് റിലീസാകും. സൊനാക്ഷിക്കു പുറമെ അനുഷ്്ക ഷെട്ടിയും നായിക വേഷത്തിലെത്തുന്നു. എ.ആര്‍. റഹ്മാനാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Top