സോണി ഹാക്കിംഗ്: ഉത്തരകൊറിയയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

വാഷിംഗ്ടണ്‍ : സോണി പിക്‌ചേഴ്‌സിനെതിരേ സൈബര്‍ ആക്രമണം നടത്തിയതിന് ഉത്തരകൊറിയയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഉള്‍്പപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്ക. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ വധിക്കുന്നതിനുള്ള ഗൂഢാലോചന ചിത്രീകരിക്കുന്ന കോമഡി ചിത്രം സോണി തയാറാക്കിയതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ദി ഇന്റര്‍വ്യൂ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിംഗ് മുടങ്ങി.

എന്നാല്‍ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും അമേരിക്ക മനപ്പൂര്‍വം തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഉത്തരകൊറിയ പറഞ്ഞു. സംഭവത്തെക്കുറിച്ച് സംയുക്ത അന്വേഷണത്തിനു തയാറാണെന്നും അവര്‍ വ്യക്തമാക്കി.
ഉത്തരകൊറിയയെ നേരിടാന്‍ ചൈന, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹായം തേടാന്‍ അമേരിക്ക തീരുമാനിച്ചു. ഉത്തരകൊറിയ ഒറ്റയ്്ക്കാണ് സൈബര്‍ ആക്രമണം നടത്തിയതെന്നാണ് ഇപ്പോഴത്തെ നിഗമനമെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

Top