സോളാര്‍ കമ്മീഷനിലെ എഐവൈഎഫിന്റെ ഹര്‍ജി ആഭ്യന്തരവകുപ്പിന്‌ തിരിച്ചടിയാകും

തിരുവനന്തപുരം: എഐവൈഎഫ് സംസ്ഥാന സെക്രട്ടറി രാജന്റെ ഹര്‍ജിയില്‍ വെട്ടിലായത് ആഭ്യന്തര വകുപ്പ്.

സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലും ചിലത് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സരിത ഡിജിപിക്ക് നല്‍കിയ കത്ത് തന്നെ സിപിഐയുടെ യുവജന വിഭാഗം ആയുധമാക്കിയതാണ് ആഭ്യന്തരവകുപ്പിന് തിരിച്ചടിയായത്.

തന്റെ അടുത്ത് നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതിയില്‍ നിന്ന് ലഭിച്ച തെളിവുകള്‍ സഹിതം സരിത പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ പരാതി ആദ്യം അന്വേഷിക്കാന്‍ ചുമതലപ്പെട്ടിരുന്ന ഭരണ വിഭാഗം ഡിജിപി കൃഷ്ണമൂര്‍ത്തി പരാതി തൊട്ടുനോക്കാന്‍ പോലും മിനക്കെടാതെ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പ് ക്രൈംബ്രാഞ്ച് അന്വേഷണം ശുപാര്‍ശ ചെയ്ത് ഫയല്‍ മടക്കുകയാണ് ചെയ്തത്.

മാസങ്ങള്‍ക്ക് ശേഷം ഇതുസംബന്ധമായ അന്വേഷണം തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയെങ്കിലും അദ്ദേഹം സരിതയുടെ മൊഴിപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ഈ പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹര്‍ജിയുടെ ഭാഗമായി ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടാല്‍ ആഭ്യന്തര വകുപ്പാണ് പ്രതിക്കൂട്ടിലാകുക.

തന്നെ എഡിജിപി പത്മകുമാര്‍ ശാരീരികായി പീഡിപ്പിച്ചിരുന്നുവെന്നും തന്റെ നഗ്നദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മൊബൈലിലും ഉണ്ടായിരുന്നതാണെന്നുമുള്ള സരിതയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥന പൊലീസ് മേധാവി സോളാര്‍ കമ്മീഷന് മുന്നില്‍ വ്യക്തമാക്കേണ്ടിവരും.

മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന സരിതയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും എംഎല്‍എയെ ഇതുവരെ ചോദ്യം പോലും ചെയ്യാത്തതും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഡിജിപി സോളാര്‍ കമ്മീഷന് മുന്‍പില്‍ മറുപടി നല്‍കേണ്ടി വരും.

സരിത പറയുന്ന ലാപ്‌ടോപ്പിലും മൊബൈലിലും ഉന്നതരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഇവ ആദ്യം കേസ് അന്വേഷിച്ച പെരുമ്പാവൂര്‍ ഡിവൈഎസ്പിയും അന്ന് കേസ് അന്വഷണത്തിന് മേല്‍നോട്ടം വഹിച്ച പത്മകുമാറും മാറ്റിയതെന്നാണ് എഐവൈഎഫിന്റെ ആരോപണം.

തന്റെ നിലപാടില്‍ സരിത ഉറച്ച് നില്‍ക്കുന്നതിനാല്‍ ആരോപണ വിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാവുന്ന സാഹചര്യമാണ് ഉള്ളത്. മാത്രമല്ല തനിക്ക് ബ്ലാക്ക്‌ബെറി മെസഞ്ചര്‍ വഴി പത്മകുമാര്‍ നഗ്ന ചിത്രം അയച്ചു തന്നിരുന്നു എന്ന സരിതയുടെ ഗുരുതര ആരോപണത്തിനും എഡിജിപി മറുപടി പറയേണ്ടി വരും.

ഇതു സംബന്ധമായ തെളിവ് തന്റെ പക്കലുണ്ടെന്ന് സരിത നേരത്തെ ഡിജിപിയോടും വെളിപ്പെടുത്തിയിരുന്നു. ഈ തെളിവ് സോളാര്‍ കമ്മീഷന് മുന്നില്‍ അവര്‍ ഹാജരാക്കിയാല്‍ അത് എഡിജിപിക്ക് കുരുക്കാകും.

പിടിച്ചെടുത്ത തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കാതെ തട്ടിയെടുക്കുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ നിയമപരമായ മറ്റ് നടപടികളും ഈ ഉദ്യോഗസ്ഥര്‍ നേരിടേണ്ടിവരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

തന്റെ കൈവശമുള്ള ഉന്നതരുടെ പേരടങ്ങിയ 30 പേജുള്ള കത്ത് ജോസ് കെ മാണിയുടെ പരാതി അന്വേഷിക്കുന്ന സംഘത്തിന് നല്‍കില്ലെന്ന് വ്യക്തമാക്കിയ സരിത, എഐവൈഎഫിന്റെ ഹര്‍ജിയില്‍ സോളാര്‍ കമ്മീഷന്‍ ഈ കത്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും പ്രസക്തമാണ്. സരിത സ്വമേധയാ കത്ത് കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കണമെന്നതാണ് പരാതിക്കാരുടെ ആവശ്യം.

സോളാര്‍ കമ്മീഷന്റെ നിഷ്പക്ഷതയുടെ മാറ്റുരക്കുന്ന ഹര്‍ജി കൂടിയായി എഐവൈഎഫിന്റെ ഹര്‍ജി മാറുമെന്നതിനാല്‍ തുടര്‍ നടപടികളില്‍ ശക്തമായി മുന്നോട്ട് പോകേണ്ട സാഹചര്യമാണ് കമ്മീഷന് വന്ന് ചേര്‍ന്നിട്ടുള്ളത്.

Top