തൃശൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഇത്രയധികം തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ എന്തുകൊണ്ട് കേസില്‍ കക്ഷി ചേര്‍ന്നില്ല? അന്ന് ഓടിയൊളിച്ചവരെ ഇപ്പോള്‍ അന്വേഷണ കമീഷന്‍ നോട്ടീസയച്ച് വിളിച്ചു വരുത്തേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരിന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ ഇല്ലെന്നും പറഞ്ഞു ആദ്യം ഓടിയൊളിച്ച ആളാണു പിണറായി. പിന്നീട് കമ്മീഷന്‍ നോട്ടീസ് നല്കി വിളിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് എന്തെങ്കിലും പറഞ്ഞു തടിയൂരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഫിസിലെ സിസിടിവിയില്‍ നിന്നു തെളിവുകള്‍ മായ്ച്ചു കളഞ്ഞെന്നാണ് മറ്റൊരു പരാതി. കാമറ സ്ഥാപിച്ചത് മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. നിശ്ചിത കാലാവധി മാത്രം വിവരങ്ങള്‍ ശേഖരിക്കാവുന്ന സംവിധാനമാണ് അന്ന് സ്ഥാപിച്ചത്. നിയമസഭയില്‍ പറഞ്ഞതിലുപരി ഒരു തെളിവും ഇപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം വെറും പ്രസ്താവനാ യുദ്ധമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സലീംരാജ് വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകും. വിഷയം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പൊതുജനത്തിനു കാര്യങ്ങള്‍ എല്ലാം അറിയാമെന്ന മറുപടിയാണു മുഖ്യമന്ത്രി നല്‍കിയത്.