മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം. റയല്‍ മാഡ്രിഡ് കോര്‍ഡോബയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചപ്പേള്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ബാഴ്‌സലോണ എല്‍ക്കെയെ തകര്‍ത്തു. റയോ വല്‍ക്കാനോയ്‌ക്കെതിരെ 3-1ന്റെ ജയം നേടി.
മൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നബീല്‍ ഗിലാസ് കോര്‍ഡോബയെ മുന്നിലെത്തിച്ചു. ഇരുപത്തിയേഴാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെ റയല്‍ സമനില നേടി. ജയം നേടാനുള്ള ശ്രമത്തിനിടെ എണ്‍പത്തിരണ്ടാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ആന്‍സലോട്ടിയുടെ ടീമിന് തിരിച്ചടിയായി. ഒടുവില്‍ മത്സരം എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗ്യാരത് ബെയ്ല്‍ റയലിന്റെ രക്ഷകനായി.
ആധികാരികമായിരുന്നു ബാഴ്‌സയുടെ ജയം. നെയ്മറിന്റേയും മെസിയുടേയും ഇരട്ടഗോളുകളാണ് ബാഴ്‌സയ്ക്ക് വന്‍ വിജയം സമ്മാനിച്ചത്. മറ്റു ഗോളുകള്‍ ജെറാള്‍ഡ് പിക്യുവും പെഡ്രോയുമാണ് നേടിയത്.
ഗ്രീസ്മാന്റെ ഇരട്ട ഗോളും ഗോണ്‍ക്ലേവിസിന്റെ ഓണ്‍ ഗോളും അത്‌ലറ്റികോയുടെ ജയം അനായാസമാക്കി. ട്രാഷൊറാസിന്റെ വകയായിരുന്നു റയോ വല്‍ക്കാനോയുടെ ആശ്വാസ ഗോള്‍.
48 പോയിന്റുമായി റയല്‍ തന്നെയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സ തൊട്ടുപുറകിലുണ്ട്. അത്‌ലറ്റികോ മൂന്നാമതാണ്.